മാവോയിസ്റ്റ് നേതാവ് ഗണപതി സി.ആര്‍.പി.എഫിന്റെ പിടിയിലായതായി സൂചന

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് മുപ്പാല ലക്ഷ്മണ്‍റാവു എന്ന ഗണപതി (65) സി.ആര്‍.പി.എഫിന്റെ പിടിയിലായതായി സൂചന. മാവോയിസ്റ്റുകളുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ഗറില്ലാ ആര്‍മിയുടെ സുപ്രീം കമാന്‍ഡറും മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ഗണപതിയുടെ തലയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) സി.ബി.ഐയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസും ചേര്‍ന്ന് 2.52കോടി രൂപയാണ് വിലയിട്ടത്. ഛത്തിസ്ഗഢിലെ തെക്കുഭാഗത്തുള്ള അംബുജ്മണ്ഡ് വന മേഖലയില്‍ പുറത്തേക്കുള്ള വഴിയടച്ച് ഗണപതിയെ സുരക്ഷാ സേന കുടുക്കിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഗറില്ലാ പോരാട്ടവിഗ്ദ്ധനായ ഗണപതി ആന്ധ്രാപ്രദേശിലെ കരിംനഗര്‍ സാരംഗപൂര്‍ സ്വദേശിയാണ്. കരിംനഗര്‍ എസ്.ആര്‍.ആര്‍ കോളേജില്‍ നിന്ന് ബി.എസ്‌സി പാസായ ശേഷം വാറംഗല്‍ റീജിയണല്‍ എന്‍ജിനിയറിംഗ് കോളേജിലും ഉസ്മാനിയ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥിപ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് ഗണപതി ആദ്യമായി ജയിലിലായത്. 1979ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം മാവോയിസ്റ്റ് പോരാട്ടങ്ങളില്‍ സജീവമായി.

കഴിഞ്ഞ ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ 200ല്‍ പരം നക്‌സലുകള്‍ ഛത്തിസ്ഗഢില്‍ കീഴടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ മാവോയിസ്റ്റുകളുടെ യോഗം ഗണപതി വിളിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന രഹസ്യ നീക്കം നടത്തിയത്. മഹാരാഷ്ട്ര(ഒരു കോടി), ഛത്തീസ്ഗഡ്(ഒരു കോടി), ആന്ധ്രാ പ്രദേശ്(25 ലക്ഷം), ജാര്‍ഖണ്ഡ്(12 ലക്ഷം) എന്നീ സംസ്ഥാനങ്ങളും എന്‍.ഐ.എ(15)യുമാണ് ഗണപതിയുടെ തലക്ക് വിലയിട്ടിരുന്നത്.

Top