മുലായത്തിന്റെ സൈക്കിള്‍ ഇനി ജനതാപാര്‍ട്ടിയുടെ ചിഹ്നം

പറ്റ്‌ന: ജനതാ പരിവാറിലെ ആറു കക്ഷികള്‍ ലയിച്ചു രൂപം കൊള്ളുന്ന പുതിയ പാര്‍ട്ടിയുടെ പേര് സമാജ്വാദി ജനതാദള്‍ എന്നോ സമാജ്വാദി ജനതാ പാര്‍ട്ടിയെന്നോ തീരുമാനിക്കാന്‍ ധാരണ. മുലായം സിങ് നേതൃത്വം നല്‍കിയിരുന്ന സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നം സൈക്കിളും ചുവപ്പും പച്ചയും നിറത്തിലുള്ള പതാകയും പുതിയ പാര്‍ട്ടിയില്‍ ഉപയോഗിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ജനതാ പരിവാര്‍ പാര്‍ട്ടികളുടെ ഏകീകരണം സംബന്ധിച്ച് അന്തിമ തീരുമാനമായിരിക്കുന്നത്.

ഈ വര്‍ഷം നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുടെ ഈ മുന്നേറ്റത്തിനു തടയിടുകയാണു പരിവാര്‍ പാര്‍ട്ടി ഏകീകരണത്തിന്റെ ലക്ഷ്യം. ലയനത്തിനു തടസമൊന്നുമില്ലെന്നും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഒന്നിച്ചു നിന്ന് നേരിടുക എന്ന രീതിയില്‍ ലയനപ്രഖ്യാപനമുണ്ടാകുമെന്നു സമാജാവാദി പാര്‍ട്ടി നേതാവ് കെ.സി. ത്യാഗി പറഞ്ഞു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നയിക്കുന്ന ജെഡിയു, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി, മുലായം സിങ്ങിന്റെ സമാജ്വാദി പാര്‍ട്ടി, ഓം പ്രകാശ് ചൗട്ടാലയുടെ ഐഎന്‍എല്‍ഡി, ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍), സമാജ്വാദി ജനതാ പാര്‍ട്ടി എന്നിവയാണ് ലയിക്കുന്ന ആറു കക്ഷികള്‍. ലയനത്തോടെ പുതിയ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ പതിനഞ്ചും രാജ്യസഭയില്‍ മുപ്പതും അംഗങ്ങളുണ്ടാകും.

Top