ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. അണക്കെട്ടില്‍ ജലനിരപ്പ് 141.4 അടിയിലും താഴെയായി. തമിഴ്‌നാട് വെള്ളം കൊണ്ടു പോകാന്‍ ആരംഭിച്ചെങ്കിലും അണക്കെട്ടില്‍ നീരൊഴുക്കു ശക്തമായതാണ് ജലനിരപ്പ് കുറയുന്നത് സാവധാനമാക്കിയത്. ശനിയാഴ്ച്ച രാവിലെ മുതല്‍ സെക്കന്‍ഡില്‍ 2020 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
അതിനിടെ മേല്‍നോട്ടസമിതി അധ്യക്ഷന്‍ എല്‍.വി നാഥനെതിരെ കേരളത്തിന്റെ പ്രതിനിധി വി.ജെ കുര്യന്‍ ഇന്നലെ ജലവിഭവ സെക്രട്ടറിക്കും കേന്ദ്ര ജലവിഭവ കമ്മീഷനും പരാതി നല്‍കിയിരുന്നു. കേരളം ആശങ്കയറിയിച്ചിട്ടും യോഗം വിളിക്കുന്നതില്‍ അധ്യക്ഷന്‍ വീഴ്ച്ച വരുത്തുകയാണെന്നും അണക്കെട്ടിന്റെ ഗേറ്റ് തുറക്കാന്‍ ജലക്കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം മേല്‍നോട്ടസമിതി അധ്യക്ഷന്‍ ലംഘിച്ചതായും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.