തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന്റെ ഭാഗമായി ബേബി ഡാം ബലപ്പെടുത്താനുള്ള പ്രാഥമിക നടപടികള്‍ തമിഴ്നാട് ആരംഭിച്ചു. ഇതിന്റെ ഭാഗമായി തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ടിലെത്തി പരിശോധന നടത്തി. ശനിയാഴ്ച സുപ്രീം കോടതി സമിതി നിയോഗിച്ച അഞ്ചംഗ ഉപസമിതിയും മുല്ലപ്പെരിയാര്‍ ഡാം പരിശോധിച്ചു. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എസ് .പി പാണ്ഡ്യന്, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അബ്ദുസ്സലാം, തമിഴ്നാട് പി ഡബ്ല്യു ഡി ടെക്നിക്കല്‍ ഓഫീസര്‍ ഇളങ്കോവന് എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗ സംഘമാണ് മുല്ലപ്പെരിയാറില്‍ പരിശോധന നടത്തിയത്.
ബേബിഡാം ബലപ്പെടുത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായാണ് സംഘം എത്തിയത്. പൂര്‍ണമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഈ മാസം അവസാനത്തോടെ തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിക്കും. എസ്റ്റിമേറ്റ് തയ്യാറാകുന്ന മുറക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികളും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചതായാണ് സൂചന. അടുത്ത കാലവര്‍ഷത്തിനു മുമ്പ് ബേബിഡാം ബലപ്പെടുത്തി ജലംസംഭരിക്കുന്നതിനുള്ള നടപടികളാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാലവര്‍ഷത്തില്‍ ലഭിക്കുന്ന ജലം സംഭരിച്ച് 152 അടിയാക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന വിധി പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ബേബിഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 അടിയാക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായാണ് പരിശോധന.