മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 141.7 അടിക്ക് മുകളില്‍ ആണ്. തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരുവാന്‍ കാരണം.മുല്ലപ്പെരിയാറിന്റെ പേരില്‍ വൈക്കോയും മറ്റും തമിഴ്‌നാട്ടില്‍ കേരള വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനിടെ, അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയിലെത്തി. വൈകുന്നേരത്തെ കണക്കനുസരിച്ച് സെക്കന്‍ഡില്‍ 976 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 147 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 1.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാത്ത പക്ഷം ഇന്ന് വൈകുന്നേരത്തോടെ ജലനിരപ്പ് 142 അടിയിലെത്താന്‍ സാധ്യതയുണ്ട്. കുമളിയില്‍ മേഘാവൃതമായ അന്തരീക്ഷമാണ്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഷട്ടര്‍ തുറക്കാതെ ജലനിരപ്പ് 142 അടിയിലെത്തിച്ചു നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ ശ്രമം.

Top