മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി; ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്‌നാട്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കേരളത്തിനു തമിഴ്‌നാട് കത്തു നല്‍കി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇപ്പോഴും മഴ തുടരുകയാണ്. സെക്കന്‍ഡില്‍ 1400 ഘനയടിയാണ് ഡാമിലേക്കുള്ള വെള്ളമൊഴുക്ക്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

അടുത്ത 24 മണിക്കൂര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ നീക്കമെന്നാണ് സൂചന. അണക്കെട്ടിലെ ഷട്ടര്‍ തുറന്നു കൂടുതല്‍ വെള്ളം ഒഴുക്കിയാല്‍ പെരിയാര്‍ തീരങ്ങളില്‍ നാശമുണ്ടാകും. ഇതു പെരിയാര്‍ തീരത്തെ ജനങ്ങളെ ആശങ്കയിലാക്കുന്നു.

Top