മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരം:അല്‍ ഖ്വെയ്ദ

വാഷിംഗ്ടണ്‍:മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഫ്രാന്‍സിന് അല്‍ ഖ്വെയ്ദയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പാരീസിലെ ഷാര്‍ളി എബ്ദോ മാസികയുടെ ഓഫീസിന് നേരെയും സൂപ്പര്‍മാര്‍ക്കറ്റിലും ആക്രമണങ്ങള്‍ നടത്തിയ ശേഷമാണ് അല്‍ഖ്വെയ്ദ ഫ്രാന്‍സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘ മുസ്ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിര്‍ത്തുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. അതിക്രമങ്ങള്‍ അവസാനിപ്പിച്ചാല്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും. മറിച്ചാണെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും’. അല്‍ഖ്വെയ്ദ നേതാവ് ഹരിത്ത് അല്‍ നഥാരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ പാരീസില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഇതുവരെ 17 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഷാര്‍ളി എബ്ദോ ഓഫീസിന് നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍ അല്‍ഖ്വെയ്ദയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

വാരികയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ പത്രാധിപരും പ്രസാധകനുമുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രവാചകന്‍ മുഹമ്മദിനെ അവഹേളിക്കുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുവെന്ന കുറ്റത്തിനായിരുന്നു ആക്രമണം നടത്തിയത്.

Top