മൂന്നാറില്‍ പൊലീസ് എഴുതിയത് ‘പുതിയ ചരിത്രം’;ബിഗ് സല്യൂട്ടുമായി തൊഴിലാളികള്‍

മൂന്നാര്‍: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സ്ത്രീ തൊഴിലാളികളുടെ സമരം വിജയത്തിലെത്തിച്ചതില്‍ പൊലീസിനും നിര്‍ണ്ണായക പങ്ക്.

അണപൊട്ടിയൊഴുകിയ സ്ത്രീ തൊഴിലാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന രോക്ഷം വഴിവിട്ട് പോവാതിരിക്കാനും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാതിരിക്കാനും അതീവ ജാഗ്രതയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

പതിവില്‍ നിന്നും വ്യത്യസ്തമായി ന്യായം മാത്രം നോക്കി നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ക്കശ നിര്‍ദ്ദേശമാണ് ഇതിന് സഹായകരമായത്.

റോഡ് ഉപരോധ സമരത്തിനിടയില്‍ കുടുങ്ങിപ്പോയ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെത്തിക്കാനും സമരക്കാരോട് അനുഭാവപൂര്‍വ്വം പെരുമാറാനും പൊലീസ് തയ്യാറായതാണ് ക്രമസമാധാന നില തകരാതിരിക്കാന്‍ വഴിയൊരുക്കിയത്. ഇത് സമരക്കാര്‍ക്കും ആത്മവിശ്വാസം നല്‍കി.

ഡി.ജി.പി ടി.പി സെന്‍കുമാര്‍, എറണാകുളം റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍, ഇടുക്കി എസ്.പി കെ.സി ജോസഫ്, മൂന്നാര്‍ ഡി.വൈ.എസ്.പി പ്രഫുല ചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എന്‍ സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസിന്റെ ‘നയരൂപീകരണം’ .

മൂന്നാറിലെ പൊതു സമൂഹത്തിനിടയില്‍ അതുകൊണ്ട് തന്നെ ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നതും പൊലീസിന്റെ ഈ നിലപാടാണ്.

സാധാരണ മുതലാളി പക്ഷത്ത് മാത്രം നില്‍ക്കുന്നവരാണെന്ന ആക്ഷേപം നേരിടുന്ന പൊലീസിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന നിലപാടുകളും പ്രവര്‍ത്തികളുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത്.

സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദികളാണെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ തികച്ചും ന്യായമായ സമരമാണ് മൂന്നാറില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് ഡി.ജി.പി സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രനുമാണ്.

തൊഴിലാളി സ്ത്രീകളുടെ കോപത്തിനിരയായ സ്ഥലം എം.എല്‍.എയെ അപകടമൊന്നും കൂടാതെ രക്ഷിച്ചെടുക്കാനും രംഗം ശാന്തമാക്കാനും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കഴിഞ്ഞതും പൊലീസില്‍ സമരക്കാര്‍ അര്‍പ്പിച്ച വിശ്വാസമാണ്. സമരം ഒത്തുതീര്‍ന്നപ്പൊള്‍ മൂന്നാര്‍ ഡി.വൈ.എസ്.പി പ്രഫുല ചന്ദ്രനെ പൊക്കിയെടുത്താണ് സമരക്കാര്‍ ആവേശം പ്രകടിപ്പിച്ചത്.

പൊലീസിന് നന്ദി അറിയിക്കാന്‍ ഇന്ന് കൂട്ടമായി ഡി.വൈ.എസ്.പി ഓഫീസിലെത്തിയ തൊഴിലാളികള്‍ കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്.

കാക്കിയുടെ കനിവും ജീവിത വിജയത്തിന് തുണയാകുമെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തിയ പുതിയ സമര ചരിത്രം കൂടിയാണ് മൂന്നാറില്‍ രചിക്കപ്പെട്ടത്.

Top