റോം: ഇറ്റലിക്ക് സമീപം മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 300 പേര് മരിച്ചു. ഒമ്പതു പേരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരുമായി യു.എന്‍ അഭയാര്‍ഥി കമ്മീഷന് നടത്തിയ സംഭാഷണത്തിലാണ് കൂടുതല്‍ പേര് അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് മനസിലായത്. ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് കാണാതായത്. യു.എന്‍ അഭയാര്‍ഥി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം മെഡിറ്ററേനിയന്‍ മരണപ്പെട്ടത്. അഭയാര്‍ഥികള്‍ കടല്‍ കടക്കുന്നത് നിരീക്ഷിക്കാനും അവരെ രക്ഷിക്കാനും മെയര്‍ നോസ്ട്രം എന്നപേരില്‍ ഇറ്റലി ഏര്‍പ്പെടുത്തിയിരുന്ന ദൗത്യസംവിധാനം കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനാണ് മെഡിറ്ററേനിയന്‍ കടലില്‍ നിരീക്ഷണം നടത്തിവന്നത്.
അഭയാര്‍ഥികളുടെ ജീവന് രക്ഷിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് യു.എന്‍ അഭയാര്‍ഥി കമ്മീഷന് യൂറോപ്യന്‍ യൂണിയനെ നിശിതമായി വിമര്‍ശിച്ചു.