മികച്ച വില്‍പ്പന നേടിയ മോട്ടോറോള മോട്ടോ ജിയുടെ മൂന്നാം തലമുറ വിപണിയിലെത്തി. രണ്ട് ജിബി റാം വകഭേദം, ഫോര്‍ ജി കണക്ടിവിറ്റി എന്നിവയാണ് പുതിയ മോഡലിലെ പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍. എട്ട് ജിബി ഇന്റേമല് മെമ്മറിയും ഒരു ജിബി റാമുള്ള വേരിയന്റിന് 11,999 രൂപയാണ് വില. 16ജിബി മെമ്മറി, രണ്ട് ജിബി റാം എന്നിവയുള്ളതിന് 12,999 രൂപ.
പുതിയ തലമുറ മോട്ടോ ജി , ഡസ്റ്റ് വാട്ടര്‍ റസിസ്റ്റന്റാണ്. മൂന്നടി ആഴമുള്ള വെള്ളത്തില്‍ അര മണിക്കൂര്‍ കിടന്നാലും ഫോണിനു കുഴപ്പമുണ്ടാകില്ല. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള ഫോണില്‍ മൈക്രോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. രണ്ട് സിം കാര്‍ഡുകളും ഫോര്‍ ജി സപ്പോര്‍ട്ട് ചെയ്യും. പഴയ തലമുറ മോട്ടോ ജിയുടെ പോലെ ഡിസ്പ്ലേയുടെ രണ്ടറ്റത്തായി ഡ്യുവല്‍ സ്പീക്കറുകള്‍ നല്കിയിരിക്കുന്നു. രണ്ട് മൈക്കുകളും ഇതോടൊപ്പമുണ്ട്.
രണ്ടാം തലമുറ മോട്ടോ ജിയ്ക്ക് നാല ഇഞ്ച് ഡിസ്പ്ലേ ആണെങ്കില്‍ പോറല്‍ ഏല്‍ക്കാത്ത തരം കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 ആവരണമുള്ള അഞ്ചിഞ്ച് എച്ച്ഡി ( 720×1280 പിക്സല്‍സ് ) ഡിസ്പ്ലേയാണ് പുതിയ മോഡലിന്. മുന്‍ തലമുറയേക്കാള്‍ പ്രൊസസ്സര്‍ ശേഷിയും കൂടുതലുണ്ട് പുതിയതിന്.
1.4 ഗിഗാഹെട്സ് ക്വാഡ്കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സറും ആഡ്രിനോ 305 ജിപിയുമാണ് ഫോണിന് കരുത്തേകുന്നത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വിപുലീകരിക്കാം.
ക്യാമറയും മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തലമുറയ്ക്ക് എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറയും രണ്ട് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉപയോഗിച്ചിരുന്ന സ്ഥാനത്ത് പുതിയതിന് 13 മെഗാപിക്സല്‍ റിയര്‍ ക്യാമറും അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ്. പിന്നിലെ ക്യാമറയ്ക്ക് ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുണ്ട്. ബാറ്ററി ശേഷി 2470 എംഎഎച്ച്.
ലെനോവോ കെ 3 നോട്ട് , ഷവോമി എംഐ 4 ഐ എന്നീ മോഡലുകളുമായാണ് മോട്ടോ ജി മത്സരിക്കുന്നത്.