ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ച സ്വന്തം പേര് എഴുതിയ വിവാദ കോട്ടിന്റെ ലേലത്തുക 1.21 കോടി രൂപയായി ഉയര്‍ന്നു. ഗുജറാത്തില്‍നിന്നുള്ള ബിസിനസുകാരാണ്, 50 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട കോട്ടിന്റെ വില വര്‍ധിപ്പിച്ചത്.
കോട്ടിന്റെ അടിസ്ഥാന ലേല വില 50 ലക്ഷമായിരുന്നു. ഗുജറാത്തില്‍നിന്നുള്ള ബിസിനസുകാരനായ രജുഭായി അഗര്‍വാള്‍ കോട്ടിന്റെ വില 51 ലക്ഷമാക്കി മാറ്റി. ഗുജറാത്തില്‍നിന്നുള്ള മറ്റൊരു ബിസിനസുകാരനായ സുരേഷ് അഗര്‍വാള്‍ ഒരു കോടി രൂപ വില പറഞ്ഞു. ഗുജറാത്ത് സ്വദേശിയായ രാജേഷ് ജുനേജ എന്ന മറ്റൊരു ബിസിനസുകാരന്‍ 21 ലക്ഷം കൂട്ടി പറഞ്ഞു. ഇതോടെ ഇപ്പോള്‍ ഇതിന്റെ വില 1.21 കോടിയില്‍ എത്തി നില്‍ക്കുകയാണ്.
പ്രധാനമന്ത്രിയെന്ന നിലയിലുള്ള ഒമ്പത് മാസ കാലയളവില്‍ പലയിടങ്ങളില്‍നിന്ന് സമ്മാനമായി ലഭിച്ച മറ്റ് 454 സാധനങ്ങള്‍ കൂടി ലേലത്തിനു വെയ്ക്കുന്നുണ്ട്. ഇത് വിറ്റു കിട്ടുന്ന തുക ഗംഗാ നദിയെ ശുചീകരിക്കാനുള്ള ‘ക്ലീന്‍ ഗംഗ പ്രൊജക്ടിന്റെ ‘ ആവശ്യത്തിന് ഉപയോഗിക്കും.
ജനുവരി 25ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായോടൊപ്പം ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് സ്വന്തം പേര് ആലേഖനം ചെയ്ത കോട്ട് ധരിച്ച് മോഡി എത്തിയത്.