യമഹ എന്‍ മാക്‌സ് ശ്രേണിയിലെ ആദ്യ സ്‌കൂട്ടര്‍ അടുത്ത വര്‍ഷം എത്തും

ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ യമഹ മോട്ടോര്‍ കമ്പനി തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി മികച്ച രൂപകല്പനയില്‍ എന്‍ മാക്‌സ് ശ്രേണി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. എന്‍ മാക്‌സ് ശ്രേണിയിലെ ആദ്യ സ്‌കൂട്ടര്‍ 155 സിസി വിഭാഗത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ആദ്യമായി ഇന്ത്യന്‍ വിപണിയിലായിരിക്കും ഇത് അവതരിപ്പിക്കുക. 2016 ഫിബ്രവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ ഷോയില്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ച് ജനാഭിപ്രായം വിലയിരുത്തുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്.

സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് 155 സിസി എന്‍ജിനാണ് എന്‍ മാക്‌സിന്റെ ആദ്യ മോഡലില്‍ ഉണ്ടാകുക. പരമാവധി 15 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ഈ എന്‍ജിന്‍. 13 ഇഞ്ച് വീല്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, സ്‌മോക്ഡ് ഹെഡ്‌ലാമ്പ് തുടങ്ങിയ സവിശേഷതകളോടെയാകും എന്‍ മാക്‌സ് എത്തുക.

നിലവില്‍ ഫാസിനോ, ആല്‍ഫ, റേ, റേ സീ എന്നിങ്ങനെ നാല് സ്‌കൂട്ടര്‍ മോഡലുകളാണ് കമ്പനിക്കുള്ളത്. പ്രകടന മികവുള്ള ബൈക്കുകളുടെ വിഭാഗത്തില്‍ നിന്ന് യമഹ പതിയെ സ്‌കൂട്ടര്‍ വിപണിയിലേക്കും കമ്യൂട്ടര്‍ ബൈക്ക് വിഭാഗത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. കമ്യൂട്ടര്‍ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസി വിഭാഗത്തില്‍ സല്യൂട്ടോയുടെ പരിഷ്‌കരിച്ച പതിപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

2017 ഓടെ ഇന്ത്യയില്‍ വാര്‍ഷിക വില്പന 12 ലക്ഷം യൂണിറ്റിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top