യാക്കൂബ് മേമന്‍ വിഷയം: സല്‍മാന്‍ ഖാന് വിവരമില്ലെന്ന് രാജ് താക്കറെ

മുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ യാക്കൂബ് മേമനെ പിന്തുണച്ച് ട്വീറ്റ് ഇട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വിമര്‍ശിച്ച് സുഹൃത്തും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവനുമായ രാജ് താക്കറെ. സല്‍മാന് വിവരമില്ലെന്ന് രാജ് താക്കറെ പറഞ്ഞു. താനെയില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സല്‍മാന്റെ അച്ഛന്‍ വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് എന്നാല്‍ സല്‍മാന് യാതൊരു വിവരവുമില്ല. അയാള്‍ വര്‍ത്തമാനപ്പത്രം വായിക്കുകയോ നിയമമെന്താണെന്ന് അറിയുകയോ ഇല്ല. അതിനാലാണ് മേമനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതെന്ന് താക്കറെ പറഞ്ഞു.

യാക്കൂബ് മേമന്‍ ഒരു തീവ്രവാദിയായിരുന്നെന്നും എന്നാല്‍ അയാളെ തൂക്കിലേറ്റുന്നത് കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും നാടകമാക്കി മാറ്റിയെന്നും രാജ് താക്കറെ ആരോപിച്ചു. നിരവധി പേരെ കൊലപ്പെടുത്തിയ ആ ചതിയനെ തൂക്കിലേറ്റുന്നതിന് മുന്പും പിന്പും നടന്ന സംഭവങ്ങള്‍ നോക്കിക്കാണുന്‌പോള്‍ രാജ്യത്ത് കലാപമുണ്ടാക്കാനാണ് ഗവണ്‍മെന്റുകള്‍ ആഗ്രഹിച്ചതെന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.

യാക്കൂബിനെ തൂക്കിലേറ്റിയ ദിവസം ആ ചതിയന്റെ ചിത്രങ്ങളായിരുന്നു ദിനപ്പത്രങ്ങള്‍ ഏറെ അച്ചടിച്ചതെന്നും അതേ ദിവസം സംസ്‌കാരം നടത്തിയ ദേശസ്‌നേഹിയും മുന്‍രാഷ്ട്രപതിയുമായ എ.പി.ജെ അബ്ദുള്‍ കലാമിന്റെ ചിത്രങ്ങള്‍ കുറവായിരുന്നെന്നും രാജ് താക്കറെ ആരോപിച്ചു.

Top