ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ പൊതുസമ്മേളനത്തില്‍ സിറിയന്‍ പ്രശ്‌നത്തെച്ചൊല്ലി ഭിന്നത. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നവും ഐ.എസ് ഭീഷണിയും മുഖ്യ ചര്‍ച്ചയായ സമ്മേളനത്തില്‍ സിറിയന്‍ പ്രശ്‌നം എങ്ങനെ അവസാനിപ്പിക്കണമെന്ന ധാരണയിലെത്താന്‍ കഴിഞ്ഞില്ല.
സമ്മേളനത്തില്‍ സംസാരിച്ച ലോകനേതാക്കാളെല്ലാം സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ആഹ്വാനം ചെയ്തു. യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് സിറിയക്ക് മടങ്ങിപ്പോകാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
ബാഷര്‍ അല്‍അസദ് സ്ഥാനമൊഴിയാതെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് ഫ്രാന്‍സും അമേരിക്കയും ആവര്‍ത്തിച്ചപ്പോള്‍ ബാഷര്‍ അല്‍ അസദിനൊപ്പമായിരുന്നു റഷ്യ. ഐഎസ് ഭീകരതയെ നേരിടാന്‍ ബാഷര്‍ അല്‍ അസദിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലും ഇറാഖിലുമുള്ള അമേരിക്കന്‍ ഇടപെടലിനെ യോഗത്തില്‍ സംസാരിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി വിമര്‍ശിച്ചു. അന്നത്തെ അമേരിക്കന്‍ ഇടപെടലാണ് ഇന്ന് തീവ്രവാദികള്‍ ആയുധമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ സമാധാന സേനയില്‍ വലിയ പങ്കാളിത്തമുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കുന്നതില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ സമാധാന ഉച്ചകോടിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പൊതുസഭ സമ്മേളനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍പു പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.