യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം ഫ്‌ളാവിയ പെന്നെറ്റയ്ക്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടനേട്ടത്തോടെ ഫ്‌ളാവിയ പെന്നെറ്റ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കി. ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം കൂടിയാണ് പെന്നെറ്റ. കിരീടനേട്ടത്തോടെ ടെന്നീസില്‍ നിന്നും വിരമിക്കുകയാണെന്ന് പെന്നെറ്റ വ്യക്തമാക്കി. ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരം കൂടിയായി മുപ്പത്തിമൂന്നുകാരിയായ പെന്നെറ്റ.

ഇറ്റലിക്കാരിയായ പെന്നെറ്റ തന്റെ നാട്ടുകാരി കൂടിയായ റോബെര്‍ട്ട വിന്‍സിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 76, 62. ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് വിന്‍സി ഫൈനലില്‍ ഇടം നേടിയത്. ഒരു സീസണില്‍ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കുക എന്ന സെറീനയുടെ സ്വപ്നമാണ് വിന്‍സി തകര്‍ത്തത്.

ചെക് താരവും അഞ്ചാം സീഡുമായ പെട്ര ക്വിറ്റോവയ്ക്കും റൊമാനിയന്‍ താരവും രണ്ടാം സീഡുമായ സിമോണ ഹാലെപിനും പുറത്തേക്കുളള വഴി കാണിച്ചു കൊടുത്താണ പെന്നെറ്റ ഫൈനലിലെത്തിയത്.

Top