ബെംഗളൂരു: യുണൈറ്റഡ് സ്പിരിറ്റ്സില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങാന്‍ മദ്യ രാജാവ് വിജയ് മല്യ ഒരുങ്ങുന്നു. ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോയുടെ നിയന്ത്രണത്തിലായ യുണൈറ്റഡ് സ്പിരിറ്റ്സില്‍ അവശേഷിക്കുന്ന അഞ്ച് ശതമാനം ഓഹരികള്‍ കൂടി ഡിയാജിയോയ്ക്ക് വില്‍ക്കാനാണ് മല്യ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
അഞ്ച് ശതമാനം ഓഹരികള്‍ വിറ്റ് ഏതാണ്ട് 3,000 കോടി രൂപ സ്വരൂപിക്കാനാണ് മല്യയുടെ ശ്രമം. ഈ പണം ഉപയോഗിച്ച് പൂട്ടിക്കിടക്കുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടബാധ്യതകള്‍ കുറേയെങ്കിലും തീര്‍ക്കാനാണ് ഉദ്ദേശ്യം. 6,200 കോടി രൂപയുടെ കടബാധ്യതയാണ് കിങ്ഫിഷര്‍ എയര്ലൈന്സിലുള്ളത്. ഇത് തീര്‍ത്താല്‍ മാത്രമേ കിങ്ഫിഷറിന്റെ റദ്ദാക്കപ്പെട്ട ലൈസന്‍സ് തിരികെ സ്വന്തമാക്കാനാകുകയുള്ളൂ.
യുണൈറ്റഡ് സ്പിരിറ്റ്സ് ഓഹരികള്‍ക്ക് നിലവിലെ വിപണി വിലയെക്കാള്‍ കുറച്ചുകൂടി മൂല്യം അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച 4.33 ശതമാനം ഉയര്‍ന്ന് 3599 രൂപയിലെത്തി.