കൊച്ചി: അയ്യപ്പന്മാരുടെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാനെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകയായ യുവതിയേയും രണ്ട് കൈകുഞ്ഞുങ്ങളേയും ഭര്‍തൃമാതാവിനേയും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നും ഇറക്കിവിട്ടു. തിരുവനന്തപുരത്ത് നിന്നും വഞ്ചിനാട് എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നസീറയും പ്രായമായ അമ്മയും ഏഴുമാസവും രണ്ടര വയസ്സുമുള്ള രണ്ടുകുട്ടികളും എറണാകുളം സൗത്തില്‍ നിന്നും വൈറ്റിലയിലേക്ക് KL 15, A 88, rsc 517 പമ്പ എരുമേലി ബസില്‍ കയറിയപ്പോള്‍ ഡ്രൈവറും കണ്ടക്ടറും ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അയ്യപ്പന്മാരുടെ വ്രതശുദ്ധി സ്ത്രീകള്‍ ബസില്‍ കയറിയാല്‍ ഇല്ലാതാകുമെന്ന് പറഞ്ഞാണ് ബസില്‍ സീറ്റ് റിസര്‍വ് ചെയ്ത ഇവരെ ഇറക്കിവിട്ടത്. ‘അയ്യപ്പന്‍മാരെ തൊട്ടുള്ള ഒരു കളിക്കും ഞാനില്ല. സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍ ഉണ്ടായിരിക്കാം എന്നാല്‍ ഇപ്പോള്‍ അത് അയ്യപ്പന്‍മാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സത്രീകള്‍ക്ക് ആര്‍ത്തവമുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാവില്ല. അതുകൊണ്ട് നിങ്ങള്‍ ബസില്‍ നിന്നിറങ്ങണം’ എന്നായിരുന്നു കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ പ്രതികരണം. ഡ്രൈവറുടേയും കണ്ടക്ടറുടേയും നിലപാടിനെതിരെ പ്രതികരിച്ചതോടെ മറ്റു ജീവനക്കാരും ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. സ്ത്രീകളുടെ റിസര്‍വേഷന്‍ അയ്യപ്പന്മാര്‍ എടുത്തിരിക്കയാണെന്നും ഇറങ്ങിയില്ലെങ്കില്‍ ബസ്സിലെ മുഴുവന്‍ അയ്യപ്പന്മാരും ഇറങ്ങുമെന്നും ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ബസ്സിലുണ്ടായിരുന്ന അയ്യപ്പന്മാരിലാരും ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നില്ല.
തുടര്‍ന്ന് റെയില്‍വേ പോലീസ്, പോലീസ് എയ്ഡ്‌പോസ്റ്റ് സര്‍വ്വീസുകളില്‍ ഇവര്‍ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇവര്‍ക്ക് വേണമെങ്കില്‍ നിന്നുകൊണ്ട് യാത്ര ചെയ്യാമെന്നാണ് കണ്ടക്ടര്‍ എയ്ഡ്‌പോസ്റ്റിലെ പോലീസുകാരനോട് പറഞ്ഞത്. സംഭവത്തില്‍ നസീറ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ഗതാഗത മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും നസീറ അറിയിച്ചു.