രണ്ടാം വിജയം ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും അത്‌ലറ്റികോ കൊല്‍ക്കത്തയും

ഷില്ലോങ്: തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും അത്‌ലറ്റികോ കൊല്‍ക്കത്തയും ഇന്ന് ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലിറങ്ങുന്നത്. ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ഗാര്‍ഷ്യയുടെ ടീം ഐഎസ്എല്‍ കന്നിപ്പോരാട്ടം അവിസ്മരണീയമാക്കിയത്.

ഫിക്രുവും ബോര്‍ജയും അര്‍ണല്‍ ലിബര്‍ട്ടും ആദ്യ കളിയില്‍ കൊല്‍ക്കത്തയുടെ ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. സ്പാനിഷ് താരവും മാര്‍ക്വി പ്ലെയറുമായ ലൂയി ഗാര്‍ഷ്യയാണ് കൊല്‍ക്കത്ത ടീമിന്റെ കരുത്ത്. ഒപ്പം ഫിക്രുവും ജാക്കൂബ് പോഡ്‌നെയും ചേരുന്നതോടെ കൊല്‍ക്കത്തക്ക് രണ്ടാം വിജയം ഏറെ അകലെയാവില്ല. ഡെന്‍സില്‍ ഫ്രാങ്കോയും അര്‍നബ് മൊണ്ടാലും തീര്‍ക്കുന്ന പ്രതിരോധകോട്ട മറികടക്കാനും എതിരാളികള്‍ നന്നെ വിയര്‍ക്കേണ്ടി വരും.

പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് നോര്‍ത്ത് ഈസ്റ്റ്, അത്‌ലറ്റികോ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ പരീക്ഷിച്ച് വിജയിച്ച 4411 ശൈലി തന്നെയായിരിക്കും കോച്ച് റിക്കി ഹെര്‍ബര്‍ട്ട് കൊല്‍ക്കത്തക്കെതിരെയും പ്രയോഗിക്കുക. എന്നാല്‍ ശരാശരിക്കാരായ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍മാരെ നിയന്ത്രിക്കാന്‍ പാടുപെട്ട നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം കരുത്തരായ കൊല്‍ക്കത്തന്‍ മുന്നേറ്റത്തെ എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരഫലം.

Top