രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയില്‍ 5.5 ശതമാനം ഇടിവ്

മുംബൈ: രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി സെപ്തംബറില്‍ 5.5 ശതമാനം ഇടിഞ്ഞു. 12.55 ലക്ഷം കോടി രൂപയുണ്ടായിരുന്നത് 11.87 ലക്ഷം കോടിയായാണ് കുറഞ്ഞത്. ജൂലായിലാകട്ടെ 13 ലക്ഷം കോടി രൂപയായിരുന്നു മൊത്തം ആസ്തി.

രണ്ടാം പാദത്തിന്റെ അവസാനമായതിനാല്‍ വന്‍കിട കമ്പനികള്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് ഇത്രയും ഇടിവുണ്ടാകാന്‍ കാരണം. ഹ്രസ്വകാല ഫണ്ടുകളിലെ നിക്ഷേപത്തിലാണ് വന്‍ കുറവുണ്ടായത്.

ലിക്വിഡ്, മണിമാര്‍ക്കറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിലാണ് ഏറെയും കുറവുണ്ടായത്. 24 ശതമാനം. 56,000 കോടി രൂപ കുറഞ്ഞ് ഈ വിഭാഗത്തിലെ മൊത്തം ആസ്തി 1.78 ലക്ഷം കോടി രൂപയായി.

5,444 കോടി രൂപയാണ് സെപ്തംബറില്‍ ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത്.

2014 മെയ് മാസത്തിനുശേഷം ഇതാദ്യമായണ് ഇത്രയും കുറഞ്ഞ തുക നിക്ഷേപമായെത്തുന്നത്. ആഗസ്ത് മാസത്തില്‍ ഓഹരി അധിഷ്ടിത ഫണ്ടുകളിലെത്തിയ മൊത്തം നിക്ഷേപം 9,156 കോടി രൂപയാണ്.

Top