രാജ്യത്ത് സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുന്നു

മുംബൈ: രാജ്യത്ത് സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 4,500 കോടി രൂപയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ മിഷനു ധനമന്ത്രാലയം അനുമതി നല്‍കി. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യം.

നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ 40 ഇരട്ടി വേഗം പുതിയ സൂപ്പര്‍ കമ്പ്യൂട്ടറിനുണ്ടാകും. 1,000 ലക്ഷം കോടിയിലേറെ മൂല്യമുള്ള രണ്ടു സംഖ്യകളുടെ തുക ഒരു സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് കണക്കാക്കാന്‍ ഈ കമ്പ്യൂട്ടറുകള്‍ക്കാകും. ഒരേസമയം 6,000 ലാപ്‌ടോപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാലുള്ള വേഗം ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന് ഉണ്ടാകുമെന്നു സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ് കമ്പ്യൂട്ടിംഗിലെ പ്രഫ. രജത് മൂന അറിയിച്ചു.

സൂപ്പര്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കാന്‍ 20,000 ചതുരശ്രഅടി സ്ഥലം വേണ്ടിവരുമെന്നു കേന്ദ്ര ശാസ്ത്രവകുപ്പ് സെക്രട്ടറി കെ. വിജയരാഘവന്‍ അറിയിച്ചു. രാജ്യാന്തര തലത്തില്‍ അതിവേഗ കമ്പ്യൂട്ടറുകളുടെ പട്ടികയെടുത്താല്‍ ആദ്യ 100 സ്ഥാനങ്ങളില്‍ ഇന്ത്യയുടെ രണ്ട് കമ്പ്യൂട്ടറുകള്‍ക്കേ സ്ഥാനമുള്ളൂ. അമേരിക്ക, ചൈന എന്നി രാജ്യങ്ങളാണു സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാമതുള്ളത്. ഈ മേഖലയില്‍ കരുത്ത് ഉറപ്പിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

Top