‘രാഹുലിനെ കാണാനില്ല’ അമേഠിയില്‍ പോസ്റ്റര്‍

ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മണ്ഡലമായ അമേഠി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു. പ്രശസ്ത സിനിമ ഗാനം ‘ജാനെ വോ കോന്‍സ ദേശ്, ജഹാം തും ചലേ ഗയെ’ (എവിടെപ്പോയെന്ന് ആര്‍ക്കറിയാം) എന്നാണ് അമേഠിയിലെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന തലക്കെട്ട്. ഇതോടൊപ്പം അമേഠി മണ്ഡലങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും അക്കമിട്ട് നല്‍കിയിട്ടുണ്ട്. മണ്ഡലത്തിനു നേതാവില്ല, വികസനമില്ല, കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും ദുരിതം, മോശം റോഡുകള്‍, ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ, പാലങ്ങളുടെ നിര്‍മാണം മന്ദഗതിയില്‍, സ്‌കൂളുകള്‍ക്കു കേന്ദ്ര സഹായം ലഭിക്കുന്നില്ല തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. എംപിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോസ്റ്ററില്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ‘അമേഠിയിലെ ജനങ്ങള്‍’ എന്ന പേരിലാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ഝാന്‍സില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമ ഭാരതിക്കെതിരേയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പിന്നാക്കാവസ്ഥയിലായ ബുന്ദേല്‍ഖണ്ഡില്‍ വികസനം എത്തിക്കുമെന്നു വാഗ്ദാനം നല്‍കിയ ശേഷം പോയ ഇരുവരേയും പിന്നീട് കാണാനില്ലെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
അലഹബാദില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ കാണിനില്ലെന്നും വിവരം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പോസ്റ്ററില്‍ വാഗ്ദാനം ചെയ്യുന്നു.

Top