ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച പൊലീസ് നടപടിക്കു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമൊന്നുമില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബാസി. ഈ മേഖലയിലെ വിഐപികളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നത് ദശകങ്ങളായുള്ള നടപടിയാണ്. മറ്റു പ്രദേശങ്ങളിലും അധ്യാപകര്‍, ഡോക്റ്റര്‍മാര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഞങ്ങള്‍ ബീറ്റ് സ്റ്റാഫിനോട് നിര്‍ദേശിക്കാറുണ്ട്. എല്ലാം സുരക്ഷാ നടപടികളുടെ ഭാഗം അദ്ദേഹം പറഞ്ഞു.
വിവരശേഖരണത്തിനുള്ള ഫോം ആരെയും ചിരിപ്പിക്കുന്നതാണെന്ന കോണ്‍ഗ്രസിന്റെ പ്രതികരണം സ്വാഗതാര്‍ഹമാണ്. അറുപതുകളിലും എഴുപതുകളിലും ടിവിയും ഫോട്ടോകളും ഒന്നുമില്ലാത്ത കാലത്ത് രൂപപ്പെടുത്തിയതാണ് ഈ ഫോം. ശാരീരിക വിവരണത്തിലൂടെയാണ് ജനങ്ങളെ തിരിച്ചറിഞ്ഞിരുന്നത്. 18 ചോദ്യങ്ങളാണ് ഇതിലുള്ളത്. പേര്, പിതാവിന്റെ പേര്, മാതാവിന്റെ പേര്, ജന്മസ്ഥലം, വയസ്, നിറം, ജന്മനായുള്ള തിരിച്ചറിയല്‍ മാര്‍ക്കുകള്‍, മുടിയുടെ നിറം, കണ്ണിന്റെ നിറം, ഉയരം, മുഖവിവരണം തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് ഇതില്‍ പലതും അപ്രസക്തമാണ്. അതു കേട്ടാല്‍ ചിരിക്കാന്‍ തോന്നാം. ഇതില്‍ കാലാനുസൃതമായ മാറ്റം വേണ്ടതാണ് അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ വിവരങ്ങള്‍ ശേഖരിച്ചതില്‍ യാതൊരു ദുരുദ്ദേശവുമില്ല. ഡല്‍ഹി പൊലീസിന്റെ സാധാരണ നടപടിക്രമം മാത്രം. ഞങ്ങള്‍ ആദ്യം എസ്പിജിയെയാണു ബന്ധപ്പെട്ടത്.
പെഴ്‌സണല്‍ സ്റ്റാഫിനെ ബന്ധപ്പെടാന്‍ അവരാണു പറഞ്ഞത്. ഫോം തന്നാല്‍ ഞങ്ങള്‍ പൂരിപ്പിച്ചു പിന്നീടു തിരിച്ചുതരാം എന്നായിരുന്നു പെഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചത്. ചാരപ്രവര്‍ത്തനത്തിനോ മറ്റോ ആയിരുന്നു ഞങ്ങള്‍ പോയതെങ്കില്‍ ഫോം അവരെ ഏല്‍പ്പിച്ചു മടങ്ങുമായിരുന്നോ അദ്ദേഹം ചോദിക്കുന്നു.