ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഡല്‍ഹി പോലീസ് വിവരശേഖരണത്തിനെത്തിയത് വിവാദമാകുന്നു. മുടിയുടെയും കണ്ണിന്റെയും നിറത്തെ കുറിച്ചും ശരീരഘടനയെ കുറിച്ചുമൊക്കെ അറിയാനാണ് പൊലീസ് എത്തിയത്. പൊലീസിന്റെ നീക്കം നിഗൂഢമാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുല്‍ കാഴ്ചയില്‍ എങ്ങനെ, മുടിയുടെ നിറമെന്ത്, കണ്ണിന്റെ നിറമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍ രാഹുലിന്റെ ഓഫീസിലും വസതിയിലും ഉണ്ടായിരുന്ന ജീവനക്കാരോട് പൊലീസ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് അംഗവും എസ്.പി.ജി സുരക്ഷയുള്ള പ്രധാനമന്ത്രി ഉള്‍പ്പടെ ഇന്ത്യയിലെ ചുരുക്കം ചില വ്യക്തികളില്‍ ഒരാളുമാണ് രാഹുല്‍ ഗാന്ധി. അങ്ങനെയിരിക്കെ രാഹുല്‍ഗാന്ധിയെ കുറിച്ച് എന്തിന് പ്രത്യേകം ഒരു പരിശോധന ഡല്‍ഹി പൊലിസ് നടത്തി എന്നതാണ് ദുരൂഹം.
പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയ രാഹുല്‍ ഈമാസം അവസാനം തിരിച്ചെത്തുമെന്നാണ് സൂചന. രണ്ടാഴ്ചത്തെ അവധിക്ക് ഫെബ്രുവരി അവസാനം പോയ രാഹുല്‍ പിന്നീട് അവധി മാര്‍ച്ച് അവസാനം വരെ നീട്ടി. അതിനിടെയാണ് രാഹുലിനെ കുറിച്ചുള്ള പൊലിസിന്റെ വിവരശേഖരണം വിവാദമാകുന്നത്.
ഇത് സുരക്ഷയുടെ ഭാഗമാണെന്നും അസ്വാഭികതയൊന്നും ഇല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പൊലീസ് പരിശോധന ദുരൂഹമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.