മുംബൈ: രൂപയുടെ മൂല്യം കുറയുന്നത് നിയന്ത്രിക്കാന്‍ വിദേശനാണ്യ ശേഖരം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്. ആഗോള വിപണികളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ രാജ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലാണെന്നും മുംബയില്‍ നടക്കുന്ന ദേശീയ ബാങ്കിങ് ഉച്ചകോടിയില്‍ അദ്ദേഹം വ്യക്തമാക്കി.
പണപ്പെരുപ്പം താഴ്ന്ന നിലയില്‍ പിടിച്ചുനിര്‍ത്തി സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് പ്രാഥമിക ഊന്നല്‍. പൊതുആവശ്യം പരിഗണിച്ചല്ല ആര്‍ബിഐ നിരക്കുകളില്‍ കുറവ് വരുത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കറന്റ് അക്കൗണ്ട് കമ്മിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ആശാവഹമാണ്. ധനക്കമ്മിയുടെ കാര്യത്തിലും അച്ചടക്കത്തോടെയാണ് രാജ്യത്തിന്റെ നീക്കമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.