റയല്‍ മാഡ്രിഡ് കുതിക്കുന്നു; അല്‍മേരിയയെ മൂന്നു ഗോളിന് തകര്‍ത്തു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനു മിന്നുന്ന ജയം. അല്‍മേരിയയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡിഗ്രസ്, മൗറോ അലോണ്‍സോ, അല്‍വാരോ അര്‍ബിയോള എന്നിവരുടെ ഗോളുകളുടെ മികവിലാണ് റയല്‍ തകര്‍പ്പന്‍ വിജയം നേടിയത്.

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച റയല്‍ മത്സരത്തിലുടനീളം സമ്പൂര്‍ണ ആധിപത്യമാണ് പുലര്‍ത്തിയത്. 44-ാം മിനിറ്റില്‍ കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡിഗ്രസാണ് റയലിനു ആദ്യ ഗോള്‍ സമ്മാനിച്ചത്. തുടര്‍ന്ന് 49-ാം മിനിറ്റില്‍ മൗറോ അലോണ്‍സോയുടെ ഗോള്‍. 84-ാം മിനിറ്റില്‍ അല്‍വാരോ അര്‍ബിയോളയും എതിര്‍വല ചലിപ്പിച്ചതോടെ അല്‍മേരിയയുടെ പതനം പൂര്‍ത്തിയായി. മത്സരത്തില്‍ 57 ശതമാനവും പന്ത് നിയന്ത്രണത്തില്‍വച്ച റയല്‍ 18 ഷോട്ടുകളാണ് ഗോള്‍വല ലക്ഷ്യമാക്കി തൊടുത്തത്.

ലീഗില്‍ 34 മത്സരങ്ങളില്‍നിന്ന് 82 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്. 34 മത്സരങ്ങളില്‍നിന്ന് 84 പോയിന്റുള്ള ബാഴ്‌സലോണയാണ് പട്ടികയില്‍ മുന്നില്‍. 34 മത്സരങ്ങളില്‍നിന്ന് 75 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതാണ്.

Top