റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കു കുറച്ചു. അടിസ്ഥാന നിരക്കില്‍നിന്ന് 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ 7.75 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി. രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ.

റിപ്പോ നിരക്കു കുറയുന്നതോടെ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയും കുറയും. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ അടിസ്ഥാന നിരക്കില്‍ ഇതിനനുസരിച്ചുള്ള മാറ്റമുണ്ടാകാനാണു സാധ്യത. റിവേഴ്‌സ് റിപ്പോ 6.5 ശതമാനമായിരിക്കും. അതേസമയം കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 4.0 ആയി തുടരും.

2013 മെയ് 13ന് ശേഷം ജനവരി 14നാണ് ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായത്. 2015ല്‍ ഇത് രണ്ടാംതവണയാണ് നിരക്കുകള്‍ കുറയ്ക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പനിരക്കുകള്‍ കുറഞ്ഞ നിലയില്‍തന്നെ തുടരുന്നതാണ് നിരക്കുകള്‍ കുറയ്ക്കാന്‍ സഹായകരമായത്.

Top