റോജിയുടെ മരണം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു

 
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിനാണ് അന്വേഷണച്ചുമതല.

റോജിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നും മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. റോജി ജോയുടെ മരണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം ശക്തമായിരുന്നു. കൊല്ലം നല്ലില പുതിയില്‍ റോബിന്‍ ഭവനില്‍ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളാണ് റോജി റോയി. ഈ മാസം ആറാം തീയതിയാണ് റോജിയെ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. റോജി ചാടി മരിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന് റോജി ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

Top