ലാലേട്ടനെപ്പോലെ ആക്ടിംഗിനെ സത്യസന്ധമായി സമീപിക്കാനാണ് എന്റെയും ശ്രമം: ഫഹദ് ഫാസില്‍

മോഹന്‍ലാലിനെ പോലെ അഭിനയത്തെ സത്യസന്ധമായി സമീപിക്കാനാണ് ശ്രമമെന്ന് ഫഹദ് ഫാസില്‍. നാനാ സിനിമാ വാരിക പ്രസിദ്ധീകരിക്കുന്ന മോഹനം ലാസ്യം മനോഹരം എന്ന പംക്തിയിലാണ് ഫഹദ് മോഹന്‍ലാലിനെക്കുറിച്ച് വാചാലനാകുന്നത്.

ഫഹദ് പറയുന്നു ”എന്നെ വിസ്മയിപ്പിച്ചിട്ടുള്ള, അതിശയിപ്പിച്ചിട്ടുള്ള നടനാണ് ലാലേട്ടന്‍. ക്യാമറയ്ക്ക് മുന്നിലാണ് ആ മാജിക് സംഭവിക്കുന്നത്. അത് എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. അല്ലാത്ത സമയങ്ങളില്‍ ലാലേട്ടന്‍ വളരെ കോണ്‍സ്റ്റന്‍ഡാണ്. നടത്തവും സംസാരവും ചിരിയുമെല്ലാം എന്നും എപ്പോഴും ഒരുപോലെ. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം മറ്റൊരാളായി മാറുകയാണ്.

അത് ‘ദൃശ്യ’ത്തില്‍ കണ്ടതുപോലെയാകില്ല ‘കിരീട’ത്തില്‍. ‘നോക്കെത്താ ദൂരത്തില്‍ കണ്ടതുപോലെയാകില്ല ‘രാജാവിന്റെ മകനി’ല്‍. ‘തേന്മാവില്‍ കൊമ്പത്തി’ല്‍ കണ്ടതുപോലെയാകില്ല ‘ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി’ല്‍. അതുകൊണ്ട് ഒരു താരതമ്യപഠനത്തിന് സാദ്ധ്യതയില്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ആ മാജിക്കിനെക്കുറിച്ച് പറയാന്‍ ലാലേട്ടന് മാത്രമേ കഴിയൂ എന്ന്.

ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധകനാകുന്നത് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമ കണ്ടശേഷമാണ്. എന്താണ് അതിന്റെ പ്രകടനത്തെക്കുറിച്ച് ഞാന്‍ പറയേണ്ടത്. ഒറ്റവാക്കില്‍ ഗ്രേറ്റ്. മലയാളസിനിമയില്‍ ലാലേട്ടനുശേഷം വന്ന എല്ലാ നടന്മാരും അദ്ദേഹത്തെ പഠിച്ചിട്ടുണ്ട്. ആഴത്തില്‍ സ്വാധീനിച്ചിട്ടുമുണ്ട്. എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അതുപക്ഷേ അദ്ദേഹമത് എങ്ങനെ ചെയ്‌തെന്ന് നോക്കാന്‍ മാത്രമേ കഴിയൂ. അതുപോലെ ഒരിക്കലും ചെയ്യാന്‍ കഴിയില്ല.

സംവിധായകന്റെ പേര് പറയുന്നില്ല. കുറച്ചുനാളുകള്‍ക്ക് മുമ്പാണ്, അദ്ദേഹം എന്നെ സമീപിച്ചിരുന്നു. മുമ്പ് ലാലേട്ടന്‍ ചെയ്ത ഒരു സിനിമ റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായി. പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തും പറഞ്ഞു. എന്നെക്കൊണ്ട് കഴിയുകയുമില്ല.

ലാലേട്ടന്റെ ആക്ടിംഗ് എന്‍ജോയ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്വാധീനം ആക്ടിംഗില്‍ കടന്നുവരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ലാലേട്ടനെപ്പോലെ ആക്ടിംഗിനെ സത്യസന്ധമായി സമീപിക്കാനാണ് എന്റെയും ശ്രമം.

Top