ലീനിയയുടെ പരിമിതകാല പതിപ്പായ ‘എഗലന്റ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു

‘ലീനിയ’യുടെ പരിമിതകാല പതിപ്പായ ‘എലഗന്റ്’ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടമൊബീല്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപയാണു കാറിനു ഡല്‍ഹി ഷോറൂമില്‍ വില.

പുത്തന്‍ പനോരമിക് ബ്ലാക്ക് റൂഫ്, സ്‌പോര്‍ട്ടി ബോഡി കിറ്റ്, പരിഷ്‌കരിച്ച 16 ഇഞ്ച് അലോയ് വീല്‍, പിന്‍ സ്‌പോയ്‌ലര്‍, പുറത്തെ റിയര്‍ വ്യൂ മിററില്‍ ക്രോം എംബെല്ലിഷ്‌മെന്റ്, ‘എലഗന്റ്’ ബാഡ്ജിങ് എന്നിവയാണു കാറിന്റെ പുറംഭാഗത്തെ മാറ്റങ്ങള്‍. അകത്തളത്തിലാവട്ടെ 6.5 ഇഞ്ച്, മള്‍ട്ടി ഫംക്ഷനല്‍ ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും ഇടം പിടിക്കുന്നു. പുതിയ സീറ്റ് കവര്‍, ‘എലഗന്റ്’ ബാഡ്ജിങ്ങുള്ള ഫ്‌ളോര്‍ മാറ്റ്, പരന്ന ഡോര്‍ സില്‍ എന്നിവയും ഈ പരിമിതകാല പതിപ്പിലുണ്ട്.

കാറിനു കരുത്തേകുന്നത് ‘ലീനിയ’യിലെ 1.3 ലീറ്റര്‍, നാലു സിലിണ്ടര്‍, മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍, ടി ജെറ്റ് പെട്രോള്‍ എന്‍ജിനുകളാണ്. പെട്രോള്‍ എന്‍ജിന്‍ 5,000 ആര്‍ പി എമ്മില്‍ പരമാവധി 112 ബി എച്ച് പി കരത്തും 2,200 ആര്‍ പി എമ്മില്‍ 207 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക; ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുന്നതാവട്ടെ പരമാവധി 5,000 ആര്‍ പി എമ്മില്‍ 92 ബി എച്ച് പി കരുത്തും 2,000 ആര്‍ പി എമ്മില്‍ 209 എന്‍ എം ടോര്‍ക്കുമാണ്. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്‍സ്മിഷന്‍.

Top