ലോകത്തിലെ ആദ്യത്തെ 4കെ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുമായി സോണി

ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ നടന്നുവരുന്ന ഐഎഫ്‌ഐ 2015 ഇലക്ട്രോണിക് ഷോയില്‍ സോണി എക്‌സ്പീരിയ സെഡ് 5, അതിന്റെ വേരിയന്റുകളായ സെഡ്5 കോംപാക്ട്, സെഡ്5 പ്രീമിയം എന്നീ മൂന്ന് ഫോണുകള്‍ അവതരിപ്പിച്ചു.

ലോകത്തെ ആദ്യ 4കെ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് എക്‌സ്പീരിയ സെഡ് 5 പ്രീമിയം എന്ന് സോണി അവകാശപ്പെടുന്നു. നിലവിലുള്ള ഫുള്‍എച്ച്.ഡി. ഡിസ്‌പ്ലേയേക്കാള്‍ നാലിരട്ടി പിക്‌സല്‍ മികവ് കൂടും 4കെ ഡിസ്‌പ്ലേയില്‍. 3840×2160 പിക്‌സല്‍ റിസൊല്യൂഷനുളള 5.5 ഇഞ്ച് 4കെ ഡിസ്‌പ്ലേയാണ് സെഡ് 5 പ്രീമിയം ഫോണിലുള്ളത്. ഭാരം 180 ഗ്രാം. ബാറ്ററിശേഷി 3430 എം.എ.എച്ച്. ക്രോം, കറുപ്പ്, സ്വര്‍ണനിറങ്ങളിലാകും സെഡ്5 പ്രീമിയം പുറത്തിറങ്ങുക.

അതേസമയം, 1920×1080 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.2 ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയുള്ള മോഡലാണ് എക്‌സ്പീരിയ സെഡ് 5. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രൊസസര്‍, അഡ്രിനോ 430 ജി.പി.യു., മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 200 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാവുന്ന സ്‌ലോട്ട് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിവരങ്ങള്‍.

4കെ വീഡിയോ റിക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും 24 എം.എം. വൈഡ് ആംഗിള്‍ ലെന്‍സുമുള്ള 23 മെഗാപിക്‌സല്‍ പിന്‍ക്യാമറയും, അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്. ബാറ്ററി 2900 എം.എ.എച്ച്. ഭാരം 154 ഗ്രാം. കറുപ്പ്, വെളുപ്പ്, പച്ച, സ്വര്‍ണനിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

1280×720 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 4.6 ഇഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയാണ് എക്‌സ്പീരീയ സെഡ്5 കോംപാക്ടിലുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രൊസസര്‍, അഡ്രിനോ 430 ജി.പി.യു., രണ്ട് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 200 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാവുന്ന സ്‌ലോട്ട് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിവരങ്ങള്‍.

സെഡ്5ലേതുപോലെ 4കെ വീഡിയോ കാപ്ചര്‍ സംവിധാനവും 24 എം.എം. വൈഡ് ആംഗിള്‍ ലെന്‍സുമുള്ള 23 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഈ ഫോണിലുമുണ്ട്. ബാറ്ററി 2700 എം.എ.എച്ച്. ഭാരം 138 ഗ്രാം. കറുപ്പ്, വെളുപ്പ്, മഞ്ഞ, കോറല്‍ നിറങ്ങളില്‍ ഫോണ്‍ എത്തും.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഫോണുകളിലും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, എസ്‌ഫോഴ്‌സ് സറൗണ്ട് സ്പീക്കറുകള്‍, 4ജി കണക്ടിവിറ്റി എന്നിവയുണ്ട്. കൈവിരല്‍പ്പാട് പതിയാത്ത തരത്തിലുളള പ്രത്യേകതരം ഗ്ലാസ് കൊണ്ടാണ് ഫോണിന്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്.

ഒക്‌ടോബറോടെ സെഡ്5, സെഡ്5 കോംപാക്ട് ഫോണുകളുടെ ആഗോളവില്പന തുടങ്ങുമെന്ന് സോണി അറിയിച്ചിട്ടുണ്ട്. സെഡ്5 പ്രീമിയം ഫോണ്‍ വേണ്ടവര്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടിവരും. അമ്പതിനായിരം രൂപയ്ക്ക് മുകളിലേക്കായിരിക്കും ഈ ഫോണുകളുടെ വിലയെന്ന് ചില ടെക്‌നോളജി വെബ്‌സൈറ്റുകള്‍ പ്രവചിക്കുന്നു.

Top