ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുന്നു

ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന നേട്ടത്തിനു ദുബായ് തയ്യാറെടുക്കുന്നു. മധ്യേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ദുബായിയെ ലോകത്തിന്റെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളം നിര്‍മിക്കുന്നത്. 32 ശതലക്ഷം ഡോളര്‍ ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 30 കി.മീ. അകലെയായിരിക്കും പുതിയ വിമാനത്താവളം നിര്‍മിക്കുക. അഞ്ച് റണ്‍വേകളില്‍ ഒരേസമയം പറന്നുയരാനും പറന്നിറങ്ങാനും കഴിയുന്ന രീതിയിലാവും വിമാനത്താവളത്തിന്റെ നിര്‍മാണം. ആദ്യഘട്ടത്തില്‍ 120 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലാവും വിമാനത്താവളം നിര്‍മിക്കുക. 2020 ആവുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്ന വിമാനത്താവളം 200 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാവുമെന്ന് എയര്‍പോര്‍ട്ട് കോര്‍പറേറ്റ്‌സ് കമ്മ്യൂണിക്കേഷന്‍ മേധാവി അറിയിച്ചു.

കഴിഞ്ഞവര്‍ഷം ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്ത വിമാനത്താവളം ദുബായ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായി ദുബയ് രാജ്യാന്തര വിമാനത്താവളം മാറിയിരുന്നു.

ലോകത്തെ പ്രമുഖമായ എട്ടു വിമാനത്താവളങ്ങളുടെ ജനസാന്നിധ്യം പരിശോധിച്ചപ്പോഴാണ് ദുബായ് ഒന്നാമതെത്തിയത്. ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിനെയാണ് ദുബയ് സന്ദര്‍ശകരുടെ ബാഹുല്യംകൊണ്ട് മറികടന്നത്. കഴിഞ്ഞ ഒമ്പതു മാസത്തെ കണക്കനുസരിച്ച് 5.2 കോടി യാത്രക്കാരാണ് ദുബയിലെത്തിയത്.

Top