വര്‍ക്കല: ഗുരുദേവദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നുവെങ്കില്‍ ലോകത്ത് ഇന്ന് സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ലോകസമാധാനത്തിന് ഗുരുദേവദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. എണ്‍പത്തിരണ്ടാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും ആ മഹാന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ശിവഗിരിയില്‍ തനിക്ക് എത്താനുള്ള ഭാഗ്യം ലഭിച്ചത് പുണ്യമായി കാണുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. സച്ചിദാനന്ദസ്വാമികള്‍, സുക്ഷ്മാനന്ദസ്വാമികള്, വര്‍ക്കല കഹാര്‍ എംഎല്‍എ, ഋതംഭരാനന്ദസ്വാമികള്‍, വിശാലാന്ദസ്വാമികള് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.