ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടാനായത് തന്റെ വ്യക്തിപ്രഭാവം കാരണം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ മാധ്യമ ഉപദേശകന് ലാന്‍സ് പ്രൈസ് തയ്യാറാക്കിയ ‘ദ മോഡി ഇഫക്ട് – ഇന്‍സൈഡ് നരേന്ദ്ര മോഡീസ് ക്യാമ്പയിന് ടു ട്രാന്‍സ്ഫോം ഇന്ത്യ’ എന്ന പുസ്തകത്തിലാണ് മോഡിയുടെ ഈ പരാമര്‍ശം.
പുസ്തകത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ അനുഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മനസ്സു തുറക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മോദി ടിവി കാണുകയോ ഉച്ചവരെ ആരുമായും ആശയവിനിമയം നടത്തുകയോ ചെയ്തില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
2012ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താനാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അതിനുവേണ്ടി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. താനാണ് ഏകപ്രതീക്ഷയെന്ന പ്രതീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ബിജെപിയുടേതല്ല. പകരം താന്‍ വിജയിച്ചുകാണാനാണ് ജനം ആഗ്രഹിച്ചത്.
ബാബാ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, ലതാ മങ്കേഷ്കര്‍ തുടങ്ങിയ പലരും മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങിയെന്നും തെരഞ്ഞെടുപ്പ് വിജയത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രചാരണത്തിനായി സ്വകാര്യവിമാനങ്ങള്‍ ഉപയോഗിച്ചതിനെയും മോഡി ന്യായീകരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വിമാനങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിനും മോഡി മറുപടി പറയുന്നുണ്ട്: ‘ഇന്ത്യയെപ്പോലുള്ള വലിയ രാജ്യത്ത് വിമാനങ്ങളുപയോഗിക്കാതെ പ്രചാരണം നടത്താനാവില്ല. പക്ഷേ, അതിനെല്ലാം പാര്‍ട്ടി പണം നല്‍കിയിട്ടുണ്ട്. ആവശ്യം വന്നിരുന്നെങ്കില്‍ ഞാന്‍ സൈക്കിളും വാടകയ്ക്കെടുത്തേനെ’.
തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച അരവിന്ദ് കെജ്രിവാളിനെ ഒരു എതിരാളിയായി വിലയിരുത്താനാകില്ല. കെജ്രിവാള് ഒരു നഗരത്തിന്റെ മാത്രം നേതാവാണ്. പ്രചാരണവേദികളില്‍ കെജ്രിവാളിന്റെ പേര് ഉപയോഗിക്കാത്തത് കരുതികൂട്ടിയാണെന്നും മോഡി പറയുന്നു.
എന്നാല്‍ ഗോധ്ര കലാപത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. മോഡിയുമായും അദ്ദേഹത്തിന്റെ അടുത്തയാളുകളുമായും നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.