ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്താന്‍ നീക്കം. ആം ആദ്മി പാര്‍ട്ടി വനിതാ സ്ഥാനാര്‍ത്ഥികളെ കൂടുതലായി നിയോഗിക്കുമ്പോള്‍ അത് ബി.ജെ.പി ക്ക് കടുത്ത ക്ഷീണം വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ബി.ജെ.പിയും ആവശ്യത്തിന് വനിതാ നേതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. 2008 ലെയും 2013ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയില്‍ നിന്ന് വിജയിക്കാത്തത് വനിതകളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്നോട്ട് തിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ ബി.ജെ.പി സിറ്റിംഗ് വനിതകള്‍ക്ക് തിരഞ്ഞെടുപ്പില്‍ അവസരം കിട്ടിയേക്കും.
അതേസമയം, ജനുവരിയില്‍ രാജിവച്ച അരവിന്ദ് കേജ് രിവാളിന്റെ നിയമസഭയില്‍ മൂന്നു വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്നു. മംഗോള്‍പുരി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് രാജ്കുമാര്‍ ചൗഹാനെ പരാജയപ്പെടുത്തിയ രാഖി ബിര്‍ളയെ കെജ് രിവാള്‍ ക്യാബിനറ്റിലും ഉള്‍പ്പെടുത്തിയിരുന്നു. ശാലിമാര്‍ ബാഗിലെ ബന്ദന കുമാരിയും പട്ടേല്‍ നഗര്‍ എം.എല്‍.എ വീണ ആനന്ദുമായിരുന്നു മറ്റു രണ്ട് വനിതാ എം.എല്‍.എമാര്‍. ബി.ജെ.പിയുടെ തട്ടകമെന്ന് അറിയപ്പെട്ടിരുന്ന മണ്ഡലങ്ങളിലാണ് ആം ആദ്്മിയുടെ വനിതാ എം.എല്‍.എമാര്‍ വന്‍ വിജയം നേടിയിരുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതിന് മുമ്പത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നു വനിതാ എം.എല്‍.എമാരേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസില്‍ നിന്നുള്ള ഷീല ദീക്ഷിത്, കിരണ്‍ വാലിയ, ബര്‍ക്ക സിങ്ങ് എന്നിവരായിരുന്നു അവര്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ആം ആദ്മിയും അഞ്ച്ു ആറും വനിതാ സ്ഥാനാര്‍ത്ഥികളെ വീതമാണ് നിയോഗിച്ചിരുന്നത്. കോണ്‍ഗ്രസ് മൂന്നു സിറ്റിംഗം വനിതാ എം.എല്‍.എമാരെയും സ്ഥാനാര്‍ത്ഥികളാക്കിയെങ്കിലും മൂന്നു പേരും കനത്ത പരാജയം നേരിടുകയായിരുന്നു.