വന്ധ്യംകരണം: മരണ കാരണം വിഷം ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്ന് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ മരണ കാരണം മരുന്ന് ഉളളില്‍ ചെന്നതിനെ തുടര്‍ന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്ക് ശേഷം നല്‍കുന്ന മരുന്നില്‍ എലിവിഷത്തില്‍ കാണുന്ന രാസവസ്തുവായ സിങ്ക് ഫോസ്‌ഫൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

റായ്പൂരിലെ മരുന്ന് നിര്‍മാണ കമ്പനിയായ മഹാവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച സിപ്രോസിന്‍ എന്ന മരുന്നാണ് ക്യാമ്പില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് വിതരണം ചെയ്തത്. ഈ മരുന്നില്‍ സിങ്ക് ഫോസ്‌ഫൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഭിലാസ്പൂര്‍ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയിരിക്കുന്നത്.

എലികളെ കൊല്ലുന്നതിനായി സിങ്ക് ഫോസ്‌ഫൈഡ് ഭക്ഷണത്തിനൊപ്പം ചേര്‍ത്ത് നല്‍കാറുണ്ട്. ഇവ എലികളില്‍ ദഹനത്തിന് സഹായിക്കുന്ന ആസിഡുമായി പ്രവര്‍ത്തിച്ച് വിഷമയമായ ഫോസ്‌ഫൈന്‍ ഗ്യാസ് ഉത്പാദിപ്പിക്കുന്നു. വെള്ളവും ആമാശയ രസവുമായി പ്രവര്‍ത്തിക്കുന്നതോടെ ഇതേ രാസമാറ്റം മനുഷ്യരിലും സംഭവിക്കുകയും ശ്വാസകോശം, കരള്‍, ഹൃദയം, നാഡീ വ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് മരുന്ന് കമ്പനിയുടെ ഉടമകളായ രമേശ് മഹാവര്‍ മകന്‍ സുമിത് മഹാവര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനി പൊലീസ് സീല്‍ ചെയ്യുകയും കമ്പനിയുടെ മരുന്നുകള്‍ നിരോധിക്കുകയും ചെയ്തു.

Top