വരുമാനത്തില്‍ വന്‍കുതിപ്പുണ്ടാക്കി ഫെയ്‌സ്ബുക്ക്; വരുമാനത്തില്‍ 40.5 ശതമാനം വര്‍ധന

സാന്‍ഫ്രാന്‍സിസ്‌കോ: വരുമാനത്തില്‍ വന്‍കുതിപ്പുണ്ടാക്കി ഫെയ്‌സ്ബുക്ക്. കഴിഞ്ഞമാസം അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 40.5 ശതമാനമാണ് വര്‍ധനവാണുണ്ടായത്.

ഓഹരി വില അഞ്ച് ശതമാനമുയര്‍ന്ന് എക്കാലത്തേയും റെക്കോഡ് നിലവാരം ഭേദിച്ച് 109.34 ഡോളറിലെത്തി. ഇതിന് മുമ്പുണ്ടായിരുന്ന ക്ലോസിങ് നിരക്ക് 103.94 ഡോളറായിരുന്നു.

പുതിയ പരസ്യ പരീക്ഷണങ്ങളും മൊബൈല്‍ ആപ്പും വരുമാന വര്‍ദ്ധനവിന് കാരണമായി. പരസ്യവരുമാനം 45.4 ശതമാനം ഉയര്‍ന്ന് 430 കോടി ഡോളറായി. മൊബൈല്‍ പരസ്യംവഴിയുള്ള വരുമാനം 78 ശതമാനമായും ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 66 ശതമാനമായിരുന്നു മൊബൈല്‍ പരസ്യം വഴി ലഭിച്ചത്.

ഫെയ്‌സ്ബുക്കിന്റെ വരുമാന വര്‍ദ്ധനവില്‍ അടുത്തഘട്ടത്തില്‍ വീഡിയോയും ഉപയോഗിക്കാനാണ് ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നത്. നിലവില്‍ ഒരു ദിനം 8 ബില്ല്യണ്‍ വീഡിയോ വ്യൂ ഫെയ്‌സ്ബുക്കിനുണ്ട്, ഏതാണ്ട് 500 ദശലക്ഷം യൂസേര്‍സാണ് ഫെയ്‌സ്ബുക്കില്‍ ഒരു ദിനം വീഡിയോ കാണുന്നത്.

ഫെയ്‌സ്ബുക്കിന് പുറമേ ഇന്‍സ്റ്റഗ്രാമിലും പരസ്യ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം അടുത്ത വര്‍ഷം യൂസര്‍മാരുടെ എണ്ണത്തില്‍ 14ശതമാനം വര്‍ദ്ധനവാണ് ഫെയ്‌സ്ബുക്ക് പ്രതീക്ഷിക്കുന്നത്.

Top