വാഹന വിപണിയില്‍ തിളങ്ങി ഫോര്‍ഡ് ഇന്ത്യയും ; ഏപ്രിലില്‍ വിറ്റഴിച്ചത് 14,215 കാറുകള്‍

മുംബൈ: വാഹനവിപണിയില്‍ ഫോര്‍ഡ് ഇന്ത്യയ്ക്കും മികച്ച റിപ്പോര്‍ട്ടുകള്‍. പോയമാസം ഫോര്‍ഡ് ഇന്ത്യ വില്‍പ്പനയില്‍ സജീവമായിരുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏപ്രിലില്‍ ഫോര്‍ഡ് വിറ്റഴിച്ചത് 14,245 കാറുകളാണ്. മുന്‍ വര്‍ഷം 13,297 വാഹനങ്ങള്‍ ആയിരുന്നു വിറ്റത്.

എന്നാല്‍ ആഭ്യന്തര മൊത്തവില്‍പ്പനയില്‍ ഇടിവുണ്ടായി. മുന്‍ വര്‍ഷം 6,651 യൂണിറ്റുകള്‍ വിറ്റഴിച്ചത് ഈ ഏപ്രിലില്‍ 4,931 യൂണിറ്റുകളായി ചുരുങ്ങി. അതേ സമയം കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തി. 2014 ഏപ്രിലില്‍ 6,646 കാറുകള്‍ കയറ്റി അയച്ചത് ഈ വര്‍ഷം 9,284 കാറുകളായി ഉയര്‍ന്നു.

വരും വര്‍ഷം മൂന്നു പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനും ഫോര്‍ഡ് പദ്ധതിയിടുന്നു. ഇതിനു മുന്നോടിയായി ഫിഗോയുടെ സെഡാന്‍ ആസ്പയര്‍ ഉടന്‍ തന്നെ വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

നാണ്യപ്പെരുപ്പനിരക്ക് താഴ്ന്നതും ബാങ്കുകള്‍ പലിശനിരക്ക് കുറച്ചതും വാഹനവില്‍പ്പന വര്‍ധിക്കാനിടയാക്കി. എന്നാല്‍ മഴ ലഭ്യതയിലുണ്ടായേക്കാവുന്ന കുറവ് വിലക്കയറ്റത്തിലേക്കും പലിശനിരക്കു വര്‍ധനയിലേക്കും നയിച്ചാല്‍ വാഹനവ്യവസായത്തിനു തിരിച്ചടിയുണ്ടായേക്കുമെന്ന വിലയിരുത്തലുമുണ്ട്.

Top