ലണ്ടന്‍: അമേരിക്കന്‍ താരം സെറീന വില്യംസ് വിംബിള്‍ഡണ്‍ വനിതാ വിഭാഗം ഫൈനലില്‍ കടന്നു. റഷ്യയുടെ മരിയ ഷറപ്പോവയെ സെമിയില്‍ തോല്‍പ്പിച്ചാണ് സെറീനയുടെ മുന്നേറ്റം. സ്കോര്‍ 6-2, 6-4. ഇത് എട്ടാം തവണയാണ് സെറീന വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്.
ഫൈനലില്‍ സ്പാനിഷ് താരം ഗാര്ബിന് മുഗുരിസയാണ് സെറീനയുടെ എതിരാളി. സെമിയില്‍ അഗ്നിയസ്ക റഡ്വാന്സ്കയെയാണ് മുഗുരിസ തോല്‍പ്പിച്ചത്. സ്കോര്‍ 6-2, 3-6, 6-3.
ആറാം വിംബിള്‍ഡണ്‍ കിരീടവും ഇരുപത്തിയൊന്നാം ഗ്രാന്സ്ലാം കിരീടവുമാണ് സെറീന ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണില്‍ സെറീനയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചതിന്റെ ഓര്‍മ്മകളാകും മുഗുരിസയുടെ കരുത്ത്.
സ്വപ്നസാഫല്യമെന്നാണു മത്സരത്തിനു ശേഷം മുഗുറുസ ട്വീറ്റ് ചെയ്തത്. വിംബിള്‍ഡണില്‍ ഫൈനല്‍ കളിക്കുക എന്നതു സ്വപ്നമായിരുന്നു. എന്നാല്‍ ഇതിനുവേണ്ടി ശരിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നുവെന്നു മുഗുറുസ തന്റെ ട്വീറ്റില്‍ പറഞ്ഞു.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പേസ് ഉള്‍പ്പെട്ട സഖ്യം സെമിയിലെത്തി. പേസ്ഹിന്ഗിസ് സഖ്യമാണ് സെമിയിലെത്തിയത്. അതേസമയം പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യന്‍താരം രോഹന് ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം പുറത്തായി.