ലണ്ടന്‍: മുന്‍ ലോക ഒന്നാംനമ്പര്‍ താരം റോജര്‍ ഫെഡററും കരോലിന്‍ വോസ്‌നിയാക്കിയും വിംബിള്‍ഡന്‍ ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍താരം സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും പുരുഷ വിഭാഗത്തില്‍ ലിയാന്‍ഡര്‍ പേസ് ഡാനിയേല്‍ നെസ്റ്റര്‍ സഖ്യവും മൂന്നാം റൗണ്ടില്‍ കടന്നു. മിക്‌സഡ് വിഭാഗത്തില്‍ രോഹന്‍ ബൊപ്പണ സഖ്യം രണ്ടാം റൗണ്ടിലെത്തി.
ഏഴുവട്ടം ചാമ്പ്യനായ ഫെഡറര്‍ ഓസ്‌ട്രേലിയയുടെ സാം ഗ്രോത്തിനെ നാല് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത് (6-4, 6-4, 6-7, 6-3). ആദ്യ രണ്ട് സെറ്റ് സ്വിസ് താരം അനായാസം നേടിയെങ്കിലും മൂന്നാം സെറ്റ് ട്രൈബ്രേക്കറില്‍ ഗ്രോത്ത് നേടി. എന്നാല്‍, നാലാം സെറ്റില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന ഫെഡറര്‍ എതിരാളിയെ നിലംതൊടീക്കാതെ അടുത്ത റൗണ്ട് ഉറപ്പിച്ചു.
അതേസമയം, റാഫേല്‍ നഡാലിനെ അട്ടിമറിച്ചെത്തിയ ഡസ്റ്റിന്‍ ബ്രൗണിന്റെ പോരാട്ടം സെര്‍ബിയയുടെ വിക്ടര്‍ ടോയ്‌സ്‌കിക്ക് മുന്നില്‍ അവസാനിച്ചു (6-4,7-6,4-6,63-). ജയത്തോടെ സെര്‍ബ് താരം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. യു.എസിന്റെ ജോണ്‍ ഇസ്‌നറെ കീഴടക്കി ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും (7-6,6-7,6-4,6-7,12-10) അവസാന പതിനാറില്‍ ഇടംനേടി.
വനിതാവിഭാഗത്തില്‍ ഇറ്റലിയുടെ കാമില ജോര്‍ജിയെ തോല്‍പ്പിച്ചാണ് ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത് (62, 62).
വനിതാവിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സമാര്‍ട്ടിന ഹംഗിസ് സഖ്യം ജപ്പാന്റെ കിമിക്കോ ക്രും, ഇറ്റലിയുടെ ഫ്രാന്‍സെസ ഷിയാവോണ സഖ്യത്തെയാണ് തോല്‍പ്പിച്ചത് (6-0,6-1). 11ാം സീഡുകളായ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും കാനഡയുടെ ഡാനിയേല്‍ നെസ്റ്ററും തായ്‌പേയിറഷ്യന്‍ സഖ്യമായ യെന്‍ സണ്‍ ലുതെയ്മുറസ് ഗബാഷ് വില്ലി ടീമിനെയാണ് മറികടന്നത് (5-7, 7-6,7-6,7-5).
മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണയും സ്പാനിഷ് താരം മരിയ ജോസ് മാര്‍ട്ടിനസ് സാഞ്ചസും ചേര്‍ന്നുള്ള സഖ്യം അമേരിക്കന്‍ ഹംഗറി താരങ്ങളായ എറിക് ബുട്ടോറാക് കാതലിന്‍ മറോസി ജോഡികളെയാണ് കീഴടക്കിയത് (7-6, 5-7, 7-5).