തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി തുടങ്ങി നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം 2016 മേയ് മാസത്തോടെ പൂര്‍ത്തിയാക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. ഇതിനിടെ ബാര്‍ കോഴ ആരോപണത്തില്‍ പെട്ട ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കോഴ മന്ത്രി മാണി രാജി വയ്ക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷം ഇറങ്ങിപ്പോയിട്ടും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു.
ഹൈവേ വികസനവുമായി മുന്നോട്ട് പോകും. നഗരങ്ങളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്. ഐടിഐകളില്‍ പ്ലേസ്‌മെന്റ് സെല്‍. പട്ടികജാതിയില്‍ നിന്നുള്ള സംഭരംഭകര്‍ക്ക് പ്രത്യേക പരിഗണന. 100 പുതിയ പാലങ്ങള്‍ 400 ദിവസത്തിനകം. പട്ടികജാതി വിഭാഗത്തിലെ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്. തിരുവനന്തപുരത്തും കോന്നിയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളില്‍ കര്‍ഷകര്‍കരുടെ മക്കള്‍ക്ക് സംവരണം തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉറപ്പ് നല്‍കി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കുള്ള സഹായധനം വര്‍ധിപ്പിച്ചതായും നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.