മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ വിപണി തിരിച്ചു പിടിക്കാന്‍ ഒരുങ്ങുന്നു. സുപ്രധാന മൊബൈല്‍ ഫോണ്‍ ബിസിനസ്സുകള്‍ മൈക്രോസോഫ്റ്റിനു കൈമാറിയതിനു തൊട്ടു പിന്നാലെയാണ് നോക്കിയയുടെ പുതിയ നീക്കം. പുതിയ ഹാന്‍ഡ്സെറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നതിനേക്കാളുപരി ബ്രാന്‍ഡ് ലൈസന്‍സിങ്ങിലൂടെ വിപണി തിരിച്ചുപിടിക്കാനാണ് നോക്കിയയുടെ നീക്കം.
മൊബൈല്‍ ഫോണിനു പുറമെ മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും കമ്പനി ബ്രാന്‍ഡ് ലൈസന്‍സ് നല്‍കും. പോര്‍ഷേ ഡിസൈന്‍ മാതൃകയിലുള്ള ലൈസന്‍സിങ്ങ് കരാറുകള്ക്കാവും നോക്കിയ പ്രാധാന്യം നല്‍കുകയെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് നോക്കിയ ഏറ്റവും പ്രധാനപ്പെട്ട മൊബെല്‍ഫോണ്‍ മോഡലുകള്‍ 7 ബില്ല്യന്‍ ഡോളറിനു മൈക്രോസോഫ്റ്റിനു കൈമാറിയത്. മൈക്രോസോഫ്റ്റ് അടുത്തിടെ പുറത്തിറക്കിയ ലൂമിയ 535 സ്മാര്‍ട്ട്ഫോണ്‍ മോഡലില്‍ നിന്നും നോക്കിയയുടെ പേര് ഒഴിവാക്കിയിരുന്നു.
2007ല്‍ ബ്രാന്‍ഡ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് നിന്നിരുന്ന നോക്കിയ, ആപ്പിള്‍ സാംസങ്ങ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണി കീഴടക്കിയതോടെ ഈ വര്‍ഷം 98ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിപണിയില്‍ സജീവമാകാനുള്ള കമ്പനിയുടെ നീക്കം.