കയ്റോ: ഈജിപ്തിലെ സിനായില്‍ റഷ്യന്‍ വിമാനം തകര്‍ന്നു വീണ് 224 പേര് കൊല്ലപ്പെട്ട ദുരന്തത്തില്‍ വിമാനം തങ്ങള്‍ തകര്‍ത്തതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് പ്രാദേശിക ഗ്രൂപ്പിന്റെ വാദം റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് തള്ളി. സാങ്കേതിക തകരാറാണ് വിമാനാപകടത്തിന് കാരണമെന്ന് പറഞ്ഞ പുടിന്, സിറിയയില്‍ ഐ.എസിനെതിരെ നടത്തുന്ന സൈനിക നീക്കം ശക്തമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 5.51ന് സിനായിലെ ഷാറം എല്‍ ഷെയ്ക്കില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് പറക്കുകയായിരുന്ന മെട്രോജെറ്റ് എയര്‍ബസ് എ321 ആണ് അപകടത്തില്‍പ്പെട്ടത്. 224 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 217 പേര് യാത്രക്കാരും ഒമ്പത് പേര് വിമാനജീവനക്കാരുമാണ്. മരിച്ചവരില്‍ 17 കുട്ടികളും ഉണ്ടെന്നാണ് വിവരം.
തകര്‍ന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ഹൊസ്സന്‍ കമേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പരിശോധനകള്‍ക്കായി ബ്ലാക്ക് ബോക്സ് കെയ്റോയിലേക്ക് അയച്ചിട്ടുണ്ട്. ബ്ലാക് ബോക്സ് പരിശോധനക്ക് ശേഷമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവൂ.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍സാദുമായി ചേര്‍ന്ന് ഐ.എസിനെതിരായ സൈനികനീക്കം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് റഷ്യ. സിറിയയിലെ 380 ഐഎസ് കേന്ദ്രങ്ങള്‍ കണ്ടെത്തി ബോംബിങ് വഴി കനത്തനാശം വിതക്കുകയാണ് റഷ്യ. റഷ്യന്‍ നാവിക കപ്പലുകള്‍ മെഡിറ്ററേനിയിന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ഐ.എസിനെ തുടച്ചുനീക്കുന്ന ആക്രമണം നടത്തുമെന്ന് സീനിയര്‍ റഷ്യന്‍ ജനറലായ ആന്‍ഡ്രി കര്ട്ടാപൊലോവ് മാധ്യമങ്ങളോട് പറഞ്ഞു.
മെഡിറ്ററേനിയില്‍ കടലിലൂടെയും കാസ്പിയന്‍ കടലിലൂടെയും ഒരേസമയം ആക്രമണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും റഷ്യന്‍ നാവികസേന ഒരുക്കിയിട്ടുണ്ട്.
റഷ്യന്‍ സൈനികരെയും കമാന്‍ഡോ സംഘത്തെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങളെ വഹിച്ചുകൊണ്ടാണ് വിമാനവാഹിനികപ്പലുകള്‍ അടക്കമുള്ള നാവികപ്പട ഒരുങ്ങിയിരിക്കുന്നത്. ഒരേസമയം ആകാശത്തിലൂടെയും കരയിലൂടെയും കടലിലൂടെയും സൈനിക നീക്കത്തിലൂടെ ഐ.എസിനെ തുടച്ചുനീക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് റഷ്യന്‍ സേന തയ്യാറെടുത്തിരിക്കുന്നത്.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സഹായമില്ലാതെയാണ് റഷ്യ സിറിയന്‍ പ്രസിഡന്റിന് പിന്തുണ നല്കി സൈനിക നീക്കം ആരംഭിച്ചത്. ഒരു വര്‍ഷം മുമ്പ് തന്നെ ഐ.എസിനെതിരെ സൈനികനീക്കമുണ്ടാകുമെന്ന് പറഞ്ഞ് അമേരിക്കയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. റഷയുടെ സൈനിക നീക്കത്തിന് ഇറാഖ്, സിറിയ, ഇറാന് തുടങ്ങിയ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായവും ലഭിക്കുന്നുണ്ട്. ഐ.എസ് കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തിയാണ് തീവ്രവാദികളുടെ 380 താവളങ്ങളില്‍ ബോംബിങ് നടത്തി റഷ്യ ഐ.എസിനെ ഞെട്ടിച്ചത്.