വിമാനത്തില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു ; ഇന്ത്യക്കാരന് തടവ്

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യക്കാരനു തടവുശിക്ഷ. ഇ. മഞ്ജിത് സിങ് സിധു (38)നെയാണു നാലു മാസം തടവിനു വിധിച്ചത്. ഇതോടൊപ്പം ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ എഴുവര്‍ഷത്തേക്ക് ഇയാളുടെ പേര് ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.

2014 ഏപ്രില്‍ 18 നാണു സംഭവം. ഡല്‍ഹിയില്‍ നിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് പോയ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ യാത്ര ചെയ്ത പതിനാലുകാരിക്കാണു ദുരനുഭവം ഉണ്ടായത്. ഒപ്പം യാത്ര ചെയ്യുകയായിരുന്ന സിധു പെണ്‍കുട്ടിയോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. സ്‌കൂള്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം പഠനയാത്രയ്ക്കായി പോകുകയായിരുന്നു പെണ്‍കുട്ടി. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാനും ഇയാള്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്നാണു പെണ്‍കുട്ടി അധ്യാപകരെ വിവരം അറിയിച്ചു.

ഇവര്‍ വിമാന അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും വിമാന ജീവനക്കാരോടും ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നും പ്രോസിക്യൂഷന്‍. ഈസ്റ്റ്മിഡ്‌ലാന്‍ഡിലെ ലെയ്‌സസ്റ്ററിലാണു സിധു താമസിക്കുന്നത്.

Top