പുതിയ സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പനയില്‍ ഹോണ്ട സിറ്റിയെ പിന്നിലാക്കി മാരുതി സുസൂക്കി സിയാസ്. ആയിരത്തി അഞ്ഞൂറിലേറെയുള്ള മാരുതി സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ നിന്ന് 200 ല്‍ പരം നെക്സ ഷോറൂമുകളിലേയ്ക്ക് സിയാസിനെ ഒതുക്കിയെങ്കിലും വില്‍പ്പന കുറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
നെക്സയിലേയ്ക്ക് മാറ്റിയതില്പിന്നെ സിയാസിന്റെ മുന്തിയ വകഭേദമായ ആല്‍ഫയ്ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുമുണ്ട്.
മാര്‍ച്ച് 31 ന് മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലേയ്ക്ക് മാറിയ സിയാസ് ഏപ്രിലില്‍ 7,024 യൂണിറ്റാണ് വില്‍പ്പന നേടിയത്. ആ സ്ഥാനത്ത് ഹോണ്ട സിറ്റിയുടെ വില്‍പ്പന 5,886 എണ്ണം മാത്രമായിരുന്നു.
മേയ് മാസം സിയാസ് വില്‍പ്പന 5,012 എണ്ണമായി കുറഞ്ഞുവെങ്കിലും ഒന്നാം സ്ഥാനം നഷ്ടമായില്ല. ഹോണ്ട സിറ്റി മേയില്‍ 4,046 എണ്ണമാണ് വിറ്റത്.
സിയാസിനു പെട്രോള്‍ , ഡീസല്‍ എന്ജിന് വകഭേദങ്ങളുണ്ട്. 1,373 സിസി , നാല് സിലിണ്ടര്‍ പെട്രോള്‍ എന്ജിന് 91 ബിഎച്ച്പി 130 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ , നാല് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങള്‍ ഇതിനുണ്ട്. മൈലേജ് : മാന്വല്‍ 20.73 കിമീ / ലീറ്റര്‍ , ഓട്ടോമാറ്റിക് 19.12 കിമീ/ ലീറ്റര്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.