തിരുവനന്തപുരം: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ വിവാദ അഭിമുഖം ഉള്‍പ്പെട്ട ഡോക്കുമെന്ററി ‘ഇന്ത്യാസ് ഡോട്ടര്‍’ നിരോധിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. ഡോക്കുമെന്ററി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്തെ അപമാനിച്ചിരിക്കുകയാണെന്ന് തരൂര്‍ ആരോപിച്ചു. ഡോക്കുമെന്ററിക്കെതിരായ നിരോധനം ന്യായീകരിക്കാവുന്നതല്ലെന്നും ഇന്ത്യയുടെ ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതി അപമാനകരമാണെന്നും തരൂര്‍ പറഞ്ഞു.
എല്ലാവരും ഈ ഡോക്കുമെന്ററി കാണണം. പുരുഷന്‍മാര്‍ പ്രത്യേകിച്ചും ഈ ഡോക്കുമെന്ററി കാണണമെന്നും മാനഭംഗങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും പിന്നില്‍ ഇത്തരത്തിലുള്ള മനോഭാവങ്ങളാണെന്ന് പുരുഷന്‍മാര്‍ മനസിലാക്കണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
ഡോക്കുമെന്ററി നിരോധിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കോടതിയുടെ ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ വിലകല്‍പ്പിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് അയച്ചതിലൂടെ രാജ്യത്തെ അപമാനിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍.
ഡോക്കുമെന്ററി നിര്‍മിക്കാന്‍ അനുവാദം കൊടുത്ത നടപടിയില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ തരൂര്‍, സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു സമൂഹത്തില്‍ നാം കൂടുതല്‍ സുതാര്യതയുള്ളവരായിരിക്കണം. അതേസമയം സുതാര്യതയെക്കുറിച്ച് വാചാലരാകുന്ന ബിജെപി അത് നടപ്പില്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നതായും തരൂര്‍ ആരോപിച്ചു.