വി എസിനെതിരെ പ്രമേയം;കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പിണറായി വിജയന്‍

ആലപ്പുഴ: വി എസ് അച്യുതാനന്ദനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടിയുടെ നിരന്തരമായ മുന്നറിയിപ്പുകളും നടപടികളും അവഗണിച്ച് വിഎസ് തുടരുന്ന അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ല. വിഎസിന്റെ ആരോപണങ്ങള്‍ കേന്ദ്ര കമ്മറ്റി തള്ളിയാതാണെന്നും വി.എസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭാഗിയ ഉദ്ദേശ്യത്തോടെയെന്നും പിണറായി വിജയന്‍ ആലപ്പുഴയില്‍ പറഞ്ഞു.

സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് പിണറായി വിജയന്‍ നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ വി.എസിനെതിരേ അതിരൂക്ഷ വിര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാന സമിതിയുടെ പ്രമേയം വായിച്ചത്.

വി എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു നല്‍കിയ കത്ത് ചോര്‍ന്നത് വ്യക്തമാക്കുന്നത് വി.എസ് അച്ചടക്കം തുടരുന്നുവെന്നതിന് തെളിവാണെന്നും പിണറായി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കത്തിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് വി എസിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വി എസിനെ താക്കീതു ചെയ്തിട്ടും വി എസ് ഇപ്പോഴും അച്ചടക്കലംഘനം തുടരുന്നതായി പാര്‍ട്ടി വിലയിരുത്തുന്നതായും പ്രമേയത്തില്‍ പറയുന്നു.

വി.എസ് നല്കിയ കത്ത് അനവസരത്തിലുള്ളതാണെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി മുന്‍പ് തള്ളിയതാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. വിഭാഗിയ ലക്ഷ്യത്തോടെയുള്ള വിഎസിന്റെ ആരോപണങ്ങള്‍ തള്ളുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

Top