വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്രയുടെ രക്ഷാധികാരി കരിമ്പട്ടികയില്‍പ്പെട്ട വ്യക്തി

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന ‘സമത്വ മുന്നേറ്റ യാത്ര’യുടെ മുഖ്യ രക്ഷാധികാരി കരിമ്പട്ടികയില്‍പ്പെട്ട വ്യക്തി.

ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ യാത്രയുടെയും യാത്ര സമാപിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തു വരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്ന മുന്‍ ഐഎസ്ആര്‍ഒ തലവന്‍ ജി മാധവന്‍നായരെ 578 കോടി രൂപയുടെ ആന്‍ട്രിക്‌സ് ദേവാസ് അഴിമതിയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഇതുസംബന്ധമായി സിബിഐ കഴിഞ്ഞ മാര്‍ച്ചില്‍ ബംഗളൂരു കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

ആന്‍ട്രിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ആര്‍ ശ്രീധരമൂര്‍ത്തി ദേവാസ് കമ്പനി പ്രതിനിധികളായ ആര്‍ വിശ്വനാഥന്‍, എം ജി ചന്ദ്രശേഖരന്‍, ഐഎസ്ആര്‍ഒവിലെയും ആന്‍ട്രിക്‌സിലെയും ബഹിരാകാശ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്.

ഇടപാട് നടക്കുമ്പോള്‍ ഐഎസ്ആര്‍ഒ യുടെയും ആന്‍ട്രിക്‌സ് അധ്യക്ഷപദവി വഹിച്ചിരുന്നത് മാധവന്‍ നായരാണ്.

സ്വകാര്യ നിക്ഷേപം അനുവദിക്കാന്‍ മുന്‍ വാജ്‌പേയി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയിരുന്നത്.

ആന്‍ട്രിക്‌സ് എന്നപേരില്‍ സ്വകാര്യ കമ്പനിക്കും സര്‍ക്കാര്‍ തുടക്കമിട്ടു.

ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സേവനരംഗത്ത് നിക്ഷേപം ആകര്‍ഷിക്കാനും അമേരിക്കയിലെ ഫോര്‍ജ് അഡൈ്വസേഴ്‌സുമായി ആന്‍ട്രിക്‌സ് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയുമുണ്ടായി.

ഫോര്‍ജ് പിന്നീട് ദേവാസ് എന്ന പേര് മാറ്റി ഐഎസ്ആര്‍ഒയിലെ മുന്‍ ഉദ്യോഗസ്ഥരില്‍ പലരെയും ജീവനക്കാരായി നിയമിക്കുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് മാധവന്‍നായര്‍ ഐഎസ്ആര്‍ഒയുടെയും ആന്‍ട്രിക്‌സിന്റെയും തലപ്പത്ത് എത്തിയത്.

മൊബൈല്‍ ഫോണുകളില്‍ എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിച്ച് വീഡിയോ, മള്‍ട്ടി മീഡിയ വാര്‍ത്താവിനിമയ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കരാറില്‍ 2004ല്‍ ദേവാസുമായി ആന്‍ട്രിക്‌സ് ഒപ്പുവച്ചു.

കരാര്‍ പ്രകാരം ദേവാസിനായി ജിസാറ്റ്6, ജിസാറ്റ്6 എ എന്നിങ്ങനെ രണ്ട് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും. 12 വര്‍ഷത്തേക്ക് 70 മെഗാഹെര്‍ട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം ദേവാസിന് ഉപയോഗിക്കാമെന്ന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. 12 വര്‍ഷത്തേക്ക് 1400 കോടി രൂപയ്ക്കാണ് സ്‌പെക്ട്രം ഉള്‍പ്പെടെ ട്രാന്‍സ്‌പോണ്ടറുകള്‍ ദേവാസിന്റെ ഉപയോഗത്തിനായി പാട്ടത്തിന് നല്‍കിയത്.

3 ജി സെപ്ക്ട്രം ടെലികോം കമ്പനികള്‍ ലേലത്തിന് വാങ്ങിയ തോത് പ്രകാരം ദേവാസിന് നല്‍കിയ 70 മെഗാ ഹെര്‍ട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രത്തിന് രണ്ടു ലക്ഷം കോടി രൂപയെങ്കിലും കിട്ടേണ്ടിയിരുന്നുവെന്ന് സിഎജിയും പിന്നീട് കണ്ടെത്തിയിരുന്നു.

ഒരു ലക്ഷം മാത്രം ഓഹരി മൂല്യം ഉണ്ടായിരുന്ന ദേവാസിന്റെ മൂല്യം 578 കോടി രൂപയായി ഉയര്‍ന്നു. ദേവാസില്‍ പണം മുടക്കാന്‍ നിക്ഷേപകര്‍ വന്‍തോതില്‍ വന്നിരുന്നു. യുഎസില്‍ മറ്റൊരു ദേവാസ് കമ്പനി രജിസ്റ്റര്‍ ചെയ്ത് ലഭിച്ച പണമെല്ലാം വകമാറ്റുകയും ചെയ്തു.

Top