വെള്ളാപ്പള്ളിയുടെ രഥയാത്ര :ആശങ്കയോടെ പോലീസ് ; വന്‍ സുരക്ഷ ഒരുക്കുന്നു

കാസര്‍ഗോഡ്: ഹൈന്ദവ ഏകീകരണമെന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 23 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ രഥയാത്രയ്ക്ക് പോലീസ് വന്‍ സുരക്ഷ ഒരുക്കും.

സിപിഎമ്മുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച സാഹചര്യം മാത്രമല്ല രഥം കടന്നുപോകുന്ന വഴികളില്‍ മറ്റേതെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പോലും അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പോലീസ് സുരക്ഷ ഒരുക്കുന്നത്.

ഇതു സംബന്ധമായി സോണല്‍ എഡിജിപിമാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും പ്രത്യേക നിര്‍ദേശം തന്നെ ഡിജിപി നല്‍കും.

രഥയാത്രയ്ക്ക് അകമ്പടി പോകുന്നതോടൊപ്പം തന്നെ രഥം കടന്നുപോവുന്ന മേഖലകളിലും വലിയ പോലീസ് സുരക്ഷയാണ് ഒരുക്കുക. രഥയാത്രയ്ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ളതിനാല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കൈവിട്ടുപോകുമെന്ന വിലയിരുത്തലിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

ജാഥ കടന്നുപോകുന്ന മേഖലകളിലെ നിലവിലെ അവസ്ഥ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സുരക്ഷ ഒരുക്കുക. ശ്രീ ശ്രീ രവിശങ്കറാണ് രഥയാത്രയുടെ ഉദ്ഘാടകന്‍.

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്റെ മുന്നോടിയായിട്ടുള്ള രഥയാത്രയായതിനാല്‍ മാധ്യമങ്ങളും യാത്രയ്ക്ക് വലിയ പ്രാധാന്യം നല്‍കുമെന്നതിനാല്‍ പരമാവധി പ്രവര്‍ത്തക പങ്കാളിത്തം ഉറപ്പാക്കി ശക്തി പ്രകടിപ്പിക്കാനാണ് എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനം.

രഥയാത്ര വിജയിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപി പ്രവര്‍ത്തകരും രംഗത്തിറങ്ങുമെന്നാണ് പോലീസും കണക്കുകൂട്ടുന്നത്.

Top