ഇസ്‌ലാമാബാദ്: ഭിന്നതകള്‍ മറന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തി. പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ഗനി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വൈര്യം മറന്ന് അഫ്ഗാന്‍ പ്രസിഡന്റ് എത്തുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നാണ് വിലയിരുത്തല്‍. അഫ്ഗാന്‍ പാക്കിസ്ഥാന്‍ ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാന്‍ ഗനിയും നവാസ് ശരീഫുമെത്തും.
അതിര്‍ത്തിയില്‍ സായുധ ഗ്രൂപ്പുകള്‍ക്ക് ഇരു രാജ്യവും സങ്കേതമൊരുക്കുന്നുവെന്ന് ഇരുരാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലുള്ള സൗഹൃദ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. താലിബാനെതിരായ പോരാട്ടത്തിനായി നിലകൊണ്ട യു എസ് സഖ്യ സേന അഫ്ഗാനില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തിലുള്ള പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. 1996 മുതല്‍ 2001 വരെ അഫിഗാനിസ്ഥാനില്‍ ഭരണത്തിലുണ്ടായിരുന്ന താലിബാനെ അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. അഫ്ഗാനെ അസ്ഥിരപ്പെടുത്താന്‍ പാക്കിസ്ഥാന്‍ നിരന്തരം താലിബാന് ആയുധങ്ങള്‍നല്‍കുന്നുവെന്ന് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇടക്കിടെ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു.