വൈറ്റ്ഹൗസില്‍ അതിക്രമിച്ചുകയറിയഫ്രഞ്ച് പൗരനെ അറസ്റ്റ് ചെയ്തു

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ വേലി ചാടിക്കടന്ന് അകത്ത് കയറിയയാളെ പിടികൂടി. പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസ് വിട്ട് മിനിട്ടുകള്‍ക്കകമായിരുന്നു സംഭവമെന്ന് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു. കടന്നുകയറ്റം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. ഈ മാസം 11നും അജ്ഞാതന്‍ വൈറ്റ് ഹൗസിന്റെ വേലി ചാടിക്കടന്നിരുന്നു. ഇപ്പോള്‍ പിടിയിലായ ആള്‍ തന്നെയാണോ അന്നും കടന്നുകയറിയതെന്ന് അറിവായിട്ടില്ല. വൈറ്റ് ഹൗസിന്റെ വടക്കേ വേലിയിലൂടെ അകത്ത് കയറിയയാള്‍ പ്രസിഡന്റിന്റെ താമസസ്ഥലത്തേക്ക് ഉദ്യോഗസ്ഥരുടെ ആജ്ഞയനുസരിക്കാതെ നടന്നടുക്കുകയായിരുന്നു. വടക്കേ പോര്‍ട്ടിക്കോയുടെ വാതിലിനടുത്തുവെച്ച് ഇയാളെ കീഴടക്കിയെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് ഇദ് ദൊനോവാന്‍ പറഞ്ഞു. ടെക്‌സാസുകാരനായ ഉമര്‍ ജെ ഗോണ്‍സലാസ് എന്ന 42 കാരനാണ് പിടിയിലായത്. ഇയാളില്‍നിന്നും ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. നെഞ്ച് വേദനയെത്തുടര്‍ന്ന് ഗോണ്‍സലാസിനെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറന്‍ ഭാഗത്തുള്ള വൈറ്റ് ഹൗസ് ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരേയും ഇവിടെനിന്നും രഹസ്യാന്വേഷണ വിഭാഗം ഒഴിപ്പിച്ചു.

 

Top